രോഗബാധിതനായി ജവാൻ മരിച്ചതിനെത്തുടർന്ന് സഹപ്രവർത്തകർ കമാൻഡറെ മർദിച്ചു
ന്യൂഡൽഹി : രോഗബാധിതനായി സിആർപിഎഫ് ജവാൻ മരിച്ചതിനെത്തുടർന്ന് സഹപ്രവർത്തകർ കമാൻഡറെ മർദിച്ചതായി ആരോപണം. കൃത്യസമയത്ത് വൈദ്യ സഹായം നൽകാത്തതാണ് ജവാന്റെ മരണത്തിനു കാരണം എന്നാരോപിച്ചായിരുന്നു സഹപ്രവർത്തകരുടെ മർദനം. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണു സംഭവം. ഖായ്മോയിൽ പോസ്റ്റ് ചെയ്തിരുന്ന 28 സിആർപിഎഫ് ബറ്റാലിയനിലെ ഖുപ്മണി മിസാൽ ശനിയാഴ്ച രാത്രിയോടെ അസുഖബാധിതനാവുകയായിരുന്നു. പിന്നീട് അനന്ത്നാഗിലെ സൈനിക ആശുപത്രിയിൽ മരിച്ചു.
അതേസമയം, ജവാന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും മർദനത്തെക്കുറിച്ചൊന്നും ആരും പരാതിപ്പെട്ടിട്ടില്ലെന്നും സിആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെ, സോനാമാർഗിലെ ഗുണ്ടിൽ ഏഴു പൊലീസുകാരെ മർദിച്ച സൈനികർ സ്റ്റേഷൻ കവർച്ച ചെയ്തതായി ആരോപണം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സിആർപിഎഫ് ജവാന്മാർ മേലുദ്യോഗസ്ഥനെ മർദിച്ചെന്ന ആരോപണം പുറത്തുവരുന്നത്.

