നിയന്ത്രണം വിട്ട ഹെലികോപ്ടറില്‍ നിന്ന് രക്ഷപ്പെടാനായി ചാടിയ എന്‍ജിനീയര്‍ പങ്ക തട്ടി മരിച്ചു
ബദരീനാഥ് : ഉത്തരാഖണ്ഡില്‍ നിയന്ത്രണം വിട്ട ഹെലികോപ്ടറില്‍ നിന്ന് രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ ഹെലികോപ്റ്ററിലെ എന്‍ജിനീയര്‍ പങ്ക തട്ടി മരിച്ചു. അസം സ്വദേശി വിക്രം ലാംബയാണ് മരിച്ചത്. ഹെലികോപ്റ്റര്‍ താഴെ വീണെങ്കിലും രണ്ട് പൈലറ്റുമാരും അഞ്ച് യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി ഡല്‍ഹി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് തീര്‍ത്ഥാടകർ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. വായു സമ്മര്‍ദത്തെത്തുടര്‍ന്ന് ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതോടെ പുറത്തേക്ക് ചാടിയ വിക്രം ലാംബയുടെ കഴുത്തില്‍ പങ്ക തട്ടുകയായിരുന്നു. വിക്രം ലാംബ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. പൈലറ്റ് സഞ്ജയ് വാസിയും സഹ പൈലറ്റ് അല്‍ക്കാ ശുക്ലയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഹരിദ്വാരിലേയ്ക്ക് പോവുകയായിരുന്ന മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ ക്രൂസ്റ്റല്‍ ഏവിയേഷന്റെ എട്ട് സീറ്റുകളുള്ള അഗസ്ത 119 ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. സംഭവം അന്വേഷിക്കുമെന്ന് ഡിജിസിഎ അറിയിച്ചു.

