കണ്ണനെ കൺനിറയെ കണ്ട് പ്രഥമ പൗര: ഭക്തർക്ക് സ്നേഹാഭിവാദ്യം അർപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു മടങ്ങി
ഷീബ വിജയൻ
തൃശൂർ: ഗുരുവായൂരപ്പനെ തൊഴുത് പ്രാർഥിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു മടങ്ങി. ദർശന സാഫല്യം നേടിയ രാഷ്ട്രപതി, തന്നെ കാണാനായി കിഴക്കേ നടയിൽ കാത്തുനിന്ന ഭക്തരുടെ സമീപമെത്തി സ്നേഹാഭിവാദ്യം അർപ്പിച്ച ശേഷമാണ് മടങ്ങിയത്. ഇന്നലെ വൈകുന്നേരം നട തുറന്ന് ശീവേലി കഴിഞ്ഞപ്പോഴായിരുന്നു കേരള ഗവർണർ ഓം പ്രകാശ് മാഥുറിനൊപ്പമുള്ള രാഷ്ട്രപതിയുടെ ക്ഷേത്ര സന്ദർശനം. മൂന്നേകാലോടെ ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഷ്ട്രപതി റോഡ് മാർഗം മൂന്നരയോടെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തി. ദേവസ്വം മന്ത്രി കെ. മുരളീധരൻ, ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് മന്ത്രി കെ. മുരളീധരനൊപ്പം രാഷ്ട്രപതിയും മകൾ നിത്യശ്രീ മുർമുവും ഗവർണർ ഓം പ്രകാശ് മാഥുറും ഉദ്യോഗസ്ഥ സംഘവും ക്ഷേത്രത്തിലേക്ക് നടന്നെത്തി.
കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വെച്ച് ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ പൂർണകുംഭം നൽകി വരവേറ്റു. 3.55ന് നാലമ്പലത്തിലേക്ക് പ്രവേശിച്ച രാഷ്ട്രപതി സോപാനത്തിലെത്തി ഗുരുവായൂരപ്പനെ തൊഴുത് കാണിക്കയർപ്പിച്ചു. മേൽശാന്തിയിൽ നിന്ന് പ്രസാദവും സ്വീകരിച്ചു. ഉപദേവതകളെയും ദർശിച്ച ശേഷം കൊടിമരച്ചുവട്ടിലെത്തി. ദേവസ്വം മന്ത്രി ഉണ്ണിക്കണ്ണന്റെ തടി ശിൽപവും, ചെയർമാൻ എ.വി. ഗോപിനാഥ് കുമിഴ് മരത്തിൽ കൊത്തിയെടുത്ത രണ്ടടി ഉയരമുള്ള വേണുഗോപാല ശ്രീകൃഷ്ണ ശിൽപവും സ്വർണ്ണക്കോലത്തിന്റെ മാതൃകയും സമ്മാനിച്ചു. കളഭവും സ്പെഷ്യൽ പായസവും തിരുമുടി മാലയും പഴം, പഞ്ചസാരയുമടങ്ങുന്ന പ്രസാദങ്ങൾ തന്ത്രി നൽകി. മറ്റ് ദേവസ്വം ഭാരവാഹികളും ജീവനക്കാരും സന്നിഹിതരായിരുന്നു. ദർശനശേഷം കിഴക്കേനടയിലെത്തിയ ഭക്തർക്ക് കൈവീശി അഭിവാദ്യം നേർന്നാണ് രാഷ്ട്രപതി മടങ്ങിയത്.
gsdfdfs


