15 വർഷത്തിന് ശേഷം വീണ്ടും ആ മാജിക്; 'ഡാഡി കൂൾ' ചുവടുകളുമായി തരംഗം തീർത്ത് ഷാരൂഖും കരീനയും
ഷീബ വിജയൻ
മുംബൈ: നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിന്റെ പ്രിയജോഡികളായ ഷാരൂഖ് ഖാനും കരീന കപൂറും വീണ്ടും ഒന്നിക്കുന്നു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കിങിലെ പുതിയ ഗാനമായ ഡാഡി കൂൾ പുറത്തിറങ്ങി. 1976-ൽ പുറത്തിറങ്ങിയ ബോണി എം ബാൻഡിന്റെ വിഖ്യാതമായ ഡാഡി കൂൾ എന്ന ഗാനത്തിന് പുതിയ സംഗീതാവിഷ്കാരം നൽകിയാണ് അണിയറപ്രവർത്തകർ ഇത് ഒരുക്കിയിരിക്കുന്നത്. 2011-ൽ പുറത്തിറങ്ങിയ റാ.വണിന് ശേഷം ഇരുവരും പ്രധാന വേഷങ്ങളിൽ ഒരുമിക്കുന്ന ചിത്രമാണിത്. ഗാനരംഗത്തിലെ ഇരുവരുടെയും സ്റ്റൈലിഷ് നൃത്തച്ചുവടുകളും ഓൺസ്ക്രീൻ കെമിസ്ട്രിയും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
സച്ചിൻ-ജിഗർ സംഗീതസംവിധാനം നിർവഹിച്ച ഗാനം അരിജിത് സിങ്ങും ശിൽപ റാവുവും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കുമാറിന്റെ വരികൾക്ക് വൈഭവി മർച്ചന്റാണ് നൃത്തസംവിധാനം ഒരുക്കിയിരിക്കുന്നത്. ബേബോയ്ക്കൊപ്പം വീണ്ടും, പാട്ട് പഴയകാലത്തേത്, പക്ഷേ ഇപ്പോഴും കൂൾ എന്ന കുറിപ്പോടെ ഷാരൂഖ് ഖാൻ തന്നെയാണ് ഗാനം പങ്കുവെച്ചത്. ചിത്രത്തിലെ ആദ്യ ഗാനമായ തു മിൽ ജായേ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ തിയേറ്ററുകളിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് കിങ്. ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ, റാണി മുഖർജി, ജയ്ദീപ് അഹ്ലാവത്ത്, ജാക്കി ഷ്രോഫ്, അർഷാദ് വാർസി, രാഘവ് ജുയൽ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം ഡിസംബർ 24-ന് ക്രിസ്മസ് റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
cccxxxc


