ഇൻഡ്യാ സഖ്യത്തിന് കനത്ത തിരിച്ചടി; മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡി.എം.കെ തീരുമാനം
ഷീബ വിജയൻ
ന്യൂഡൽഹി: പ്രതിപക്ഷ മുന്നണിയായ ഇൻഡ്യാ സഖ്യത്തിന്റെ നിലപാടുകൾ തള്ളി, കേന്ദ്ര സർക്കാരിന്റെ പരിഷ്കരിച്ച മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡി.എം.കെ തീരുമാനിച്ചു. ഇതുസംബന്ധിച്ച് പാർട്ടി എം.പിമാരുടെ യോഗത്തിൽ പ്രമേയം പാസാക്കി. തുടക്കം മുതൽ ബില്ലിനെ ശക്തമായി എതിർത്തിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ, സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ച സാഹചര്യത്തിലാണ് നിലപാട് മാറ്റുന്നതെന്ന് വ്യക്തമാക്കി. ഭരണഘടനാ ഭേദഗതി പാസാക്കാൻ എൻ.ഡി.എ സർക്കാരിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായതിനാൽ ഡി.എം.കെയുടെ ഈ നീക്കം നിർണ്ണായകമാകും. ലോക്‌സഭയിൽ ഡി.എം.കെയ്ക്കുള്ള 22 എം.പിമാരുടെ വോട്ടുകൾ വരാനിരിക്കുന്ന സമ്മേളനത്തിൽ സർക്കാരിന് വലിയ കരുത്താകും.
ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്ററി പ്രാതിനിധ്യം കുറയ്ക്കുമെന്ന ആശങ്ക ശക്തമായി നിലനിൽക്കെയാണ് ഡി.എം.കെയുടെ പുതിയ തീരുമാനം. സഭ വിപുലീകരിച്ചാലും തമിഴ്‌നാടിന് നിലവിലുള്ള 7.18 ശതമാനം സീറ്റ് വിഹിതം ഉറപ്പാക്കണമെന്നും, 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സീറ്റ് വിതരണം അടുത്ത 25 വർഷത്തേക്ക് കൂടി തുടരണമെന്നുമായിരുന്നു സ്റ്റാലിൻ മുന്നോട്ടുവെച്ച പ്രധാന ഉപാധികൾ. ഈ രണ്ട് ആവശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചതായാണ് മുതിർന്ന ഡി.എം.കെ നേതാക്കൾ നൽകുന്ന സൂചന. തമിഴ്‌നാടിന്റെ പ്രാതിനിധ്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും, അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾക്കൊന്നും പാർട്ടിയുടെ നിശ്ചയദാർഢ്യത്തെ തകർക്കാനാവില്ലെന്നും സ്റ്റാലിൻ പ്രതികരിച്ചു. വനിതാ സംവരണത്തിന്റെ പശ്ചാത്തലത്തിൽ ലോക്‌സഭയിലെ അംഗബലം 50 ശതമാനം വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
adsdsdas


