സഞ്ജയ് കപൂറിന്റെ 30,000 കോടിയുടെ സ്വത്ത് തർക്കം: ഒത്തുതീർപ്പ് അടിച്ചേൽപ്പിക്കാനാകില്ലെന്ന് സുപ്രീംകോടതി; മധ്യസ്ഥശ്രമം അവസാനിപ്പിച്ചു


ഷീബ വിജയൻ

ന്യൂഡൽഹി: അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ അമ്മ റാണി കപൂറും ഭാര്യ പ്രിയ സച്ച്‌ദേവ് കപൂറും തമ്മിലുള്ള ഏകദേശം 30,000 കോടി രൂപ മൂല്യം വരുന്ന ആർ.കെ. ഫാമിലി ട്രസ്റ്റ് തർക്കത്തിലെ മധ്യസ്ഥശ്രമങ്ങൾ സുപ്രീംകോടതി അവസാനിപ്പിച്ചു. ഇരുവിഭാഗത്തിനും ഒത്തുതീർപ്പിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.

2025 ജൂൺ 12ന് സഞ്ജയ് കപൂർ അന്തരിക്കുന്നതിന് മുൻപ് ചെയർമാനായിരുന്ന സോന കോംസ്റ്റാറിലെ നിർണായക ഓഹരികൾ ഈ ട്രസ്റ്റിന് കീഴിലാണ്. മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിൽ 15 റൗണ്ട് മധ്യസ്ഥ ചർച്ചകൾ നടന്നെങ്കിലും സമവായമായില്ല. ഒത്തുതീർപ്പ് അടിച്ചേൽപ്പിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസിൽ ഇനി വാദം കേൾക്കുമെന്നും അറിയിച്ചു.

ട്രസ്റ്റിലെ അവകാശവാദങ്ങൾ ഒത്തുതീർപ്പാക്കാൻ റാണി കപൂർ 6,000 കോടി രൂപ ആവശ്യപ്പെട്ടതായി അഭിഭാഷകൻ സിദ്ധാർത്ഥ ദവെ വ്യക്തമാക്കി. ട്രസ്റ്റിന്റെ ആസ്തി മൂല്യം ഏകദേശം 30,000 കോടി രൂപ വരുമെന്നാണ് പ്രിയ കപൂറിന്റെ അഭിഭാഷകർ അറിയിച്ചത്. റാണി കപൂറിന്റെ അവകാശവാദത്തെ പ്രിയയുടെ അഭിഭാഷകൻ മുകുൾ റോത്തഗി എതിർത്തു. 60 ശതമാനം പ്രിയക്കും ബാക്കി 40 ശതമാനം മക്കൾക്കും അർഹതയുണ്ടെന്ന് അഭിഭാഷകൻ അഭിമന്യു ഭണ്ഡാരി വാദിച്ചു. കരിഷ്മ കപൂറുമായുള്ള വിവാഹബന്ധത്തിൽ ജനിച്ച മക്കൾക്ക് 24 മുതൽ 26 ശതമാനം വരെ ഓഹരിക്ക് അർഹതയുണ്ടെന്ന് മഹേഷ് ജെഠ്മലാനി വ്യക്തമാക്കി. പാരമ്പര്യ സ്വത്തുക്കൾ സമ്മതമില്ലാതെ ട്രസ്റ്റിലേക്ക് മാറ്റിയെന്ന റാണി കപൂറിന്റെ ഹരജിയിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഡൽഹി ഹൈകോടതി തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.

 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed