ഒരാഴ്ചയ്ക്കിടെ രണ്ടാം പ്രഹരം; ബിസ്‌ലേരി കുപ്പിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ, നടപടിയുമായി എഫ്എസ്എസ്എഐ
ഷീബ വിജയൻ
കോൽക്കത്ത: പ്രമുഖ കുപ്പിവെള്ള നിർമാതാക്കളായ ബിസ്‌ലേരിക്കെതിരെ വീണ്ടും നിയമനടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). പശ്ചിമ ബംഗാളിലെ പ്ലാന്റിൽ നിന്നും ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളിൽ ആരോഗ്യത്തിന് ഹാനികരമായ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2027 ജനുവരി 19 വരെ ഉപയോഗ കാലാവധിയുള്ള 'PB 201' എന്ന ബാച്ച് നമ്പറിലുള്ള കുപ്പിവെള്ളത്തിലാണ് മലിനീകരണം സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ ബിസ്‌ലേരിക്കെതിരെ എഫ്എസ്എസ്എഐ സ്വീകരിക്കുന്ന രണ്ടാമത്തെ നിയമനടപടിയാണിത്.
2026 ജൂലൈ 20-ന് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ തേലിപാറ ഗ്രാമത്തിലെ ബിസ്‌ലേരി പ്ലാന്റിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. പ്രാഥമിക ലാബിലും തുടർന്ന് റഫറൽ ലാബിലും നടത്തിയ പരിശോധനകളിൽ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 2026 ഓഗസ്റ്റ് 12-ന് ഈ ബാച്ചിന്റെ വിൽപ്പന എഫ്എസ്എസ്എഐ നിരോധിക്കുകയും ബിസ്‌ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ അനുമതി നൽകുകയും ചെയ്തു.
നേരത്തെ നവംബർ 22-നും സമാന നടപടിയുണ്ടായിരുന്നു. 2025 സെപ്റ്റംബറിൽ ഗോവയിലെ പ്ലാന്റിൽ ഉൽപ്പാദിപ്പിച്ച ഒരു ബാച്ച് വെള്ളത്തിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ ബ്രോമേറ്റും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) കണ്ടെത്തിയതിനെ തുടർന്നായിരുന്നു അത്. എന്നാൽ, ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും ലാബ് ഫലങ്ങളിൽ അപാകതകളുണ്ടെന്നുമാണ് കമ്പനിയുടെ വിശദീകരണം. രാജ്യത്തുടനീളമുള്ള കുപ്പിവെള്ള യൂണിറ്റുകളിൽ പരിശോധന കർശനമാക്കാൻ എഫ്എസ്എസ്എഐ നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനാണ് ഈ നടപടികളെന്നും അനാവശ്യ പരിഭ്രാന്തി വേണ്ടെന്നും സിഇഒ രജിത് പുൻഹാനി വ്യക്തമാക്കി.
ddfsdfsdfs


