ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹി ഒരുങ്ങി: മോദി-പുടിൻ ഉഭയകക്ഷി ചർച്ച ഇന്ന്
ശാരിക
ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് തലസ്ഥാനം സർവ്വസജ്ജമായി. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിലുള്ള സുപ്രധാന ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. വ്യാപാരം, സാമ്പത്തിക സഹകരണം, ആണവ നിലയങ്ങൾ, സൈനിക ബന്ധം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയിലെ പ്രധാന അജണ്ട. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.
2023-ലെ ജി20 ഉച്ചകോടിക്ക് ശേഷം ഡൽഹി ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര സമ്മേളനമാണ് ഭാരത് മണ്ഡപത്തിൽ നാളെയും മറ്റന്നാളുമായി നടക്കുന്നത്. ‘പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം’ എന്നതാണ് ഇത്തവണത്തെ ഔദ്യോഗിക മുദ്രാവാക്യം. നാളെ ഉച്ചയ്ക്ക് രണ്ടിന് അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ നടക്കും. തുടർന്ന് നേതാക്കൾക്കായി പ്രധാനമന്ത്രി അത്താഴവിരുന്ന് ഒരുക്കും. ഞായറാഴ്ച അംഗരാജ്യങ്ങളുടെയും പങ്കാളി രാജ്യങ്ങളുടെയും സംയുക്ത സെഷനോടെ ഉച്ചകോടി സമാപിക്കും.
ഉച്ചകോടിയിൽ പങ്കെടുക്കാൻ രാഷ്ട്രത്തലവന്മാരും വിദേശ പ്രതിനിധികളും അന്താരാഷ്ട്ര സംഘടനാ മേധാവികളും ഡൽഹിയിലെത്തിത്തുടങ്ങി. പ്രതിനിധികൾക്കായി ഒമ്പത് പ്രമുഖ ഹോട്ടലുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി നൂറിലധികം എൻഎസ്ജി കമാൻഡോകളെയും സിആർപിഎഫ്, ഐടിബിപി, ബിഎസ്എഫ്, ആർഎഎഫ് തുടങ്ങിയ സേനാ വിഭാഗങ്ങളെയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ ഡൽഹി ട്രാഫിക് പോലീസ് കർശന ഗതാഗത നിയന്ത്രണ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.
vxcv

