നിർമ്മാണത്തൊഴിലാളികൾക്ക് തണലായി ബി.എം.ബി.എഫ്; 'ഹെൽപ്പ് ആൻഡ് ഡ്രിങ്ക്' പന്ത്രണ്ടാം സീസണിന് ഉജ്ജ്വല തുടക്കം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ കടുത്ത വേനൽച്ചൂടിൽ നിർമ്മാണ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകി ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം വർഷങ്ങളായി നടത്തിവരാറുള്ള സൗജന്യ ദാഹജല-പഴവർഗ്ഗ വിതരണ പദ്ധതിയായ 'ഹെൽപ്പ് ആൻഡ് ഡ്രിങ്കിന്റെ' പന്ത്രണ്ടാം സീസണിന് തുടക്കമായി. ടൂബ്ലിയിലെ രണ്ട് പ്രമുഖ വർക്ക് സൈറ്റുകളിൽ വെച്ചാണ് ഈ വർഷത്തെ പദ്ധതിക്ക് തുടക്കം കുറിച്ചത്. ബി.എം.ബി.എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ രക്ഷാധികാരി അനീഷ് കെ.വി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
പദ്ധതിയുടെ ആദ്യദിനത്തിൽ ടൂബ്ലിയിലെ സിബാർക്കോ, അൽ റാഷിദ് ഗ്രൂപ്പ് എന്നീ തൊഴിലിടങ്ങളിലെ നിർമ്മാണത്തൊഴിലാളികൾക്ക് ദാഹജലം, വിവിധയിനം പഴവർഗ്ഗങ്ങൾ, ലഘുഭക്ഷണങ്ങൾ, സാൻഡ്‌വിച്ച്, പാൻകേക്ക്, ഐസ്‌ക്രീം എന്നിവയടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ലഹരി വിതരണത്തിന് പുറമെ, കടുത്ത വേനൽക്കാലത്ത് തൊഴിലാളികൾ സ്വീകരിക്കേണ്ട ആരോഗ്യ മുൻകരുതലുകളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾക്കും ഇതോടൊപ്പം വിവിധ തൊഴിലിടങ്ങളിൽ തുടക്കമായിട്ടുണ്ട്. 2026-ലെ ഈ ജീവകാരുണ്യ പദ്ധതി വരും മാസങ്ങളിലും തുടർന്ന് ഈ വർഷം സെപ്റ്റംബറോടെയായിരിക്കും സമാപിക്കുക.
കഴിഞ്ഞ 12 വർഷമായി മുടങ്ങാതെ നടത്തിവരുന്ന ഈ പദ്ധതി ബഹ്‌റൈൻ മന്ത്രാലയങ്ങൾ, ക്യാപിറ്റൽ ഗവർണറേറ്റ്, പാർലമെന്റ് അംഗങ്ങൾ, ലേബർ മന്ത്രാലയം എന്നിവരുടെ വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. സ്വദേശികളും വിദേശികളും വിവിധ ബിസിനസ് സ്ഥാപനങ്ങളും ക്ലബ്ബുകളും ഒരുപോലെ പിന്തുണയ്ക്കുന്ന ഈ പദ്ധതി, പ്രവാസലോകത്തെ ഏറ്റവും ജനകീയമായ കാരുണ്യപ്രവർത്തനങ്ങളിൽ ഒന്നായി മാറിയത് ബി.എം.ബി.എഫിന് വലിയ അംഗീകാരമാണ് നേടിത്തന്നിട്ടുള്ളതെന്ന് ഭാരവാഹികൾ അഭിമാനത്തോടെ വ്യക്തമാക്കി. തൂബ്ലിയിൽ നടന്ന ഉദ്ഘാടന പ്രവർത്തനങ്ങൾക്ക് ബി.എം.ബി.എഫ് നേതാക്കളായ കാസിം പാടത്തകായിൽ, മണിക്കുട്ടൻ, മൊയ്തീൻ പയ്യോളി, മൂസാകുട്ടി ഹാജി, ഹുസൈൻ വയനാട്, ദിനേശ് പള്ളിയാലിൽ എന്നിവർ നേതൃത്വം നൽകി.
edfdfsdfsads
adsdsdsds
cxzcxz

