സിഗ്നൽ കട്ട്! ബിഹാറിൽ റെയിൽവേ ട്രാക്കിന് പിന്നാലെ കൂറ്റൻ ടെലികോം ടവറും കള്ളൻ കൊണ്ടുപോയി!


ഷീബ വിജയൻ

പാറ്റ്ന: ബിഹാറിലെ ബക്സർ ജില്ലയിൽ 132 അടി ഉയരമുള്ള ടെലികോം ടവറും 15 കെവിഎ ജനറേറ്ററും കവർന്നു. റെയിൽവേ പാളം കവർന്നതിന് പിന്നാലെയാണ് വീണ്ടും വിചിത്രമായ മോഷണ വാർത്ത പുറത്തുവരുന്നത്. പ്രവർത്തനരഹിതമായിരുന്ന മൊബൈൽ ടവർ അറ്റകുറ്റപ്പണികൾക്കായി ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ കമ്പനി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. മൊബൈൽ ടവറിന് പുറമെ, അവിടെ സ്ഥാപിച്ചിരുന്ന 15 കെവിഎ ജനറേറ്ററും മറ്റ് സാങ്കേതിക ഉപകരണങ്ങളും നഷ്ടപ്പെട്ടു.

ജനവാസ മേഖലയായ ദുംറാവോണിൽ സ്ഥാപിച്ച ടവർ കാണാതായതിൽ പ്രദേശവാസികൾ അത്ഭുതത്തിലാണ്. കമ്പനി പ്രതിനിധി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്ത് വർഷം മുൻപാണ് ടവർ സ്ഥാപിക്കാനുള്ള കരാറിൽ ഒപ്പിട്ടതെന്ന് ഭൂമിയുടമ ഹരേനാട് യാദവ് പറഞ്ഞു. 2022-ൽ കരാർ അവസാനിച്ചുവെന്നും പിന്നീട് കമ്പനി വാടക നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ തുടർന്ന് പലതവണ കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ 2023-ലായിരുന്നു ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് കവർന്നത്. ഈ കേസിൽ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

article-image

asോേേോെ്ം

You might also like

  • Lulu Exchange
  • Straight Forward

Most Viewed