രാജ്യസഭയിലേക്ക് ഇല്ലെന്ന് സിദ്ധരാമയ്യ; കർണാടകയിൽ എം.എൽ.എയായി തുടരും
ഷീബ വിജയൻ
ബംഗളൂരു: ദീർഘകാലമായുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് കർണാടകയിൽ ഭരണനേതൃമാറ്റം സംഭവിക്കുന്നത്. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതുമുതൽ ആരംഭിച്ച നേതൃമാറ്റചർച്ചക്ക് തിരശ്ശീല വീഴുന്നു. കുറുബ ഗൗഡ സമുദായത്തിൽ പെട്ട സിദ്ധരാമയ്യ പടിയിറങ്ങുമ്പോൾ ഒട്ടേറെ ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. രാജ്യസഭാംഗമായി ഡൽഹിയിലേക്ക് പ്രവർത്തനം മാറ്റാനുള്ള ഹൈക്കമാൻഡ് നിർദേശം സിദ്ധരാമയ്യ നിരാകരിക്കുകയും വെറും എം.എൽ.എയായി കർണാടകയിൽ തുടരുകയും ചെയ്യും. ഇത് ശിവകുമാറിന് തലവേദനയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കോൺഗ്രസിലെ ഭൂരിഭാഗം എം.എൽ.എമാരുടെ പിന്തുണ സിദ്ധരാമയ്യക്ക് ആണെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പദം രാജിവച്ചതിന് പിന്നാലെ വികാരഭരിതമായ കുറിപ്പുമായി സിദ്ധരാമയ്യ രംഗത്തെത്തി. 'നന്ദി. നിങ്ങളുടെ സ്നേഹം നിങ്ങളുടെ विश्वासം എന്നിവയാണ് എന്റെ ശക്തി' എന്നാരംഭിക്കുന്ന പോസ്റ്റ് കൈകൾ കൂപ്പി നിൽക്കുന്ന ഫോട്ടോയുടെ കൂടെയാണ് സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ചത്. തന്നെ ജനങ്ങളിൽ ഒരാളായി പരിഗണിച്ച, അനുഗ്രഹിച്ച, പ്രോത്സാഹിപ്പിച്ച, തിരുത്തിയ, വിഷമഘട്ടങ്ങളിൽ തന്നോടൊപ്പം നിന്ന ജനങ്ങൾക്ക് നന്ദി. നീണ്ട യാത്രയിലുടനീളം തന്റെ കൈ പിടിച്ചു നിന്ന ലക്ഷക്കണക്കിന് സ്നേഹനിധികളായ ഹൃദയങ്ങൾക്ക് മുമ്പിൽ ഞാൻ തല കുനിക്കുന്നു. ഇന്ന് ഞാൻ എന്താണോ അത് നിങ്ങൾ കാരണമാണ്. ഭരണഘടനയാണ് തന്റെ മതമെന്നും ജനങ്ങളാണ് തന്റെ ദൈവമെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാത്രമാണ് രാജിവച്ചതെന്നും പൊതുജീവിതത്തിൽ നിന്നോ ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ നിന്നോ അല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ അവസാന ശ്വാസം വരെ സാമൂഹിക നീതിക്കുവേണ്ടിയും ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമായ വിഭാഗീയ വർഗീയ ശക്തികൾക്കെതിരെയും പോരാടും. ഈ യാത്രയുടെ ഓരോ ഘട്ടത്തിലും നൽകിയ സ്നേഹത്തിനും വിശ്വാസത്തിനും സഹവർത്തിത്വത്തിനും നന്ദി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
asadsasdasd

