യു.എസിൽ എച്ച്-1ബി വിസാ പ്രതിസന്ധി കടുക്കുന്നു; മലയാളി ഐ.ടി ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിൽ
ഷീബ വിജയൻ
അമേരിക്കൻ മലയാളി ഐ.ടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് ഇന്ത്യൻ ജീവനക്കാരുടെ ഭാവി ആശങ്കയിലാഴ്ത്തിക്കൊണ്ട് യു.എസിലെ എച്ച്-1ബി വിസാ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. മെറ്റ, ആമസോൺ, ഒറാക്കിൾ തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതിക കമ്പനികൾ നടപ്പിലാക്കുന്ന വൻകിട പിരിച്ചുവിടലുകളാണ് പ്രവാസി കുടുംബങ്ങളെ കടുത്ത സമ്മർദത്തിലാക്കിയിരിക്കുന്നത്. നിലവിലെ നിയമപ്രകാരം എച്ച്-1ബി വിസയിലുള്ള ഒരാൾക്ക് ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്താൻ വെറും 60 ദിവസത്തെ സമയം മാത്രമാണ് ലഭിക്കുക. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ വിസ സ്പോൺസർ ചെയ്യാൻ തയാറുള്ള മറ്റൊരു കമ്പനിയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അവർ നിയമപരമായി രാജ്യം വിടാൻ ബാധ്യസ്ഥരാണ്. വർഷങ്ങളായി യു.എസിൽ സ്ഥിരതാമസമാക്കുകയും കുട്ടികൾ അവിടെ സ്കൂളുകളിൽ പഠിക്കുകയും ചെയ്യുന്ന പ്രവാസികൾക്ക് ഈ നിബന്ധന വലിയൊരു തിരിച്ചടിയാണ് നൽകുന്നത്. രാജ്യത്ത് തുടരാൻ കൂടുതൽ സമയം ലഭിക്കുന്നതിനായി പലരും താല്ക്കാലികമായി ബി-2 വിസിറ്റർ വിസയിലേക്ക് മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതും എളുപ്പമല്ലെന്ന് ഇമിഗ്രേഷൻ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) കടന്നുവരവോടെ ഐ.ടി മേഖലയിലെ നിയമന രീതികൾ മാറിയതും ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. നിലവിൽ യു.എസിൽ തുടരാൻ വിദ്യാർഥി വിസ (F-1) ഉൾപ്പെടെയുള്ള മറ്റ് വഴികൾ നോക്കുന്നതിനൊപ്പം, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ പുതിയ തൊഴിൽ സാധ്യതകൾ തേടുകയാണ് ഭൂരിഭാഗം ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകളും.
assadsads

