ജെ.സി.ഡി പ്രഭാകർ തമിഴ്നാട് നിയമസഭാ സ്പീക്കർ; അനുഭവസമ്പത്തിന് മുൻഗണന നൽകി വിജയ്
ശാരിക l ദേശീയം
ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കറായി തമിഴക വെട്രി കഴകം (ടി.വി.കെ) പ്രതിനിധി ജെ.സി.ഡി പ്രഭാകർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. താരപരിവേഷവും യുവത്വവും മുഖമുദ്രയായ ടി.വി.കെ സർക്കാറിൽ സഭാനടപടികളിലെ പരിചയസമ്പത്തും പക്വതയും മുൻനിർത്തി മുഖ്യമന്ത്രി വിജയ് നടത്തിയ നിർണായക നീക്കമായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിൽ പുതുചരിത്രം കുറിച്ചാണ് വിജയ്യുടെ നേതൃത്വത്തിലുള്ള ടി.വി.കെ അധികാരത്തിലെത്തിയത്. ഇതിനിടെ പതിറ്റാണ്ടുകളായി രാഷ്ട്രീയ രംഗത്ത് പരിചിതമായ ജെ.സി.ഡി പ്രഭാകറിനെ സ്പീക്കർ സ്ഥാനത്തേക്ക് എത്തിച്ചത് വഴി പഴയ തലമുറയെയും പുതിയ കാലത്തെയും ബന്ധിപ്പിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
എം.ജി.ആറിന്റെ കാലഘട്ടത്തിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച പ്രഭാകർ 1980-ലാണ് വില്ലിവാക്കത്ത് നിന്ന് ആദ്യമായി എ.ഐ.എ.ഡി.എം.കെ എം.എൽ.എയായി നിയമസഭയിലെത്തുന്നത്. ജയലളിതയുടെ കാലത്തും പാർട്ടിയുടെ സംഘടനാ സംവിധാനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. ഭരണഘടനയിലും നിയമസഭാ ചട്ടങ്ങളിലും അഗാധമായ അറിവുള്ള നേതാവ് എന്ന നിലയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ അദ്ദേഹത്തെ കാണുന്നത്. 2026 ജനുവരിയിലാണ് അദ്ദേഹം എ.ഐ.എ.ഡി.എം.കെ വിട്ട് ടി.വി.കെയിൽ ചേർന്നത്. ഭരണപരിചയമില്ലാത്ത ഒരു പുതിയ പാർട്ടി അധികാരത്തിലെത്തുമ്പോൾ സഭയ്ക്കുള്ളിൽ പ്രതിപക്ഷത്തിന്റെ ആക്രമണങ്ങളെ നേരിടാൻ പരിചയസമ്പന്നനായ ഒരാൾ ആവശ്യമാണെന്ന വിജയ്യുടെ തിരിച്ചറിവാണ് ഈ തീരുമാനത്തിന് പിന്നിൽ.
ആദ്യമായി ഭരണത്തിലേറുന്ന ടി.വി.കെക്ക് നിയമസഭാ ചട്ടങ്ങളും കീഴ്വഴക്കങ്ങളും കൃത്യമായി അറിയുന്ന പ്രഭാകറിന്റെ സാന്നിധ്യം വലിയ കരുത്താകും. ചെന്നൈയിലെ നിർണായക മണ്ഡലമായ തൗസൻഡ് ലൈറ്റ്സിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിജയം പാർട്ടിയുടെ അടിത്തറ ഭദ്രമാണെന്ന സന്ദേശം നൽകിയിരുന്നു. വ്യത്യസ്ത രാഷ്ട്രീയ കക്ഷികളുമായി നല്ല ബന്ധം പുലർത്തുന്ന പ്രഭാകർ സഭയിലെ ബഹളങ്ങൾക്കിടയിൽ ഒരു മധ്യസ്ഥനായി പ്രവർത്തിക്കാൻ യോഗ്യനാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഉൾപ്പെടുന്ന ശക്തമായ പ്രതിപക്ഷ നിരയെ നേരിടാൻ പ്രഭാകറിന്റെ സംയമനവും നിയമവിജ്ഞാനവും ഇനി പരീക്ഷിക്കപ്പെടും. തമിഴ് രാഷ്ട്രീയത്തിലെ ദ്രാവിഡ പാരമ്പര്യത്തെയും വിജയ് വിഭാവനം ചെയ്യുന്ന പുതിയ രാഷ്ട്രീയ ശൈലിയെയും കൂട്ടിയിണക്കുന്ന പാലമായാണ് നിരീക്ഷകർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
േ്ിേി

