ആസാമിൽ ഹിമന്ത ബിശ്വ ശർമ തന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചൊവ്വാഴ്ച
പ്രദീപ് പുറവങ്കര:
ഗോഹട്ടി: ആസാമിൽ തുടർച്ചയായ മൂന്നാം തവണയും എൻഡിഎ വിജയിച്ചതിന് പിന്നാലെ ഹിമന്ത ബിശ്വ ശർമയെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഗോഹട്ടിയിൽ ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗമാണ് ഹിമന്തയെ ഐകകണ്ഠേന നേതാവായി തിരഞ്ഞെടുത്തത്. എൻഡിഎ സഖ്യവും ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു.
കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് ഹിമന്തയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാർട്ടിക്കുള്ളിൽ എല്ലാവരും ഒറ്റക്കെട്ടായാണ് ഹിമന്തയുടെ പേര് നിർദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിമന്ത ബിശ്വ ശർമ ചൊവ്വാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈക്കിയ അറിയിച്ചു.
ആകെയുള്ള സീറ്റുകളിൽ 102 എണ്ണവും നേടിയാണ് എൻഡിഎ ആസാമിൽ അധികാരം നിലനിർത്തിയത്. പ്രതിപക്ഷമായ കോൺഗ്രസ് സഖ്യത്തിന് 21 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
aa

