ആന്ധ്രയുടെ ഏക തലസ്ഥാനമായി അമരാവതി; ലോക്‌സഭയിൽ ബില്ല് പാസായി
ശാരിക I ദേശീയം
ന്യൂഡൽഹി: ആന്ധ്രാപ്രദേശിന്റെ സ്ഥിരം തലസ്ഥാനമായി അമരാവതിയെ അംഗീകരിച്ചുകൊണ്ടുള്ള സുപ്രധാന ബില്ല് ലോക്‌സഭ പാസാക്കി. 2026-ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന (ഭേദഗതി) ബില്ലാണ് ബിജെപി, കോൺഗ്രസ്, ടിഡിപി എന്നീ പാർട്ടികളുടെ പിന്തുണയോടെ ശബ്ദവോട്ടോടെ സഭ അംഗീകരിച്ചത്. കഴിഞ്ഞ മാർച്ചിൽ ആന്ധ്ര നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഈ അതിവേഗ നടപടി.
ബാംഗ്ലൂർ, ചെന്നൈ പോലെ അമരാവതിയും വലിയ മെട്രോ നഗരമായി വികസിക്കട്ടെയെന്ന് കോൺഗ്രസ് അംഗം മാണിക്കം ടാഗോർ ആശംസിച്ചു. അതേസമയം, പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസ് ബില്ലിനെ ശക്തമായി എതിർത്തു. തലസ്ഥാന നിർമ്മാണത്തിനായി ഭൂമി നൽകിയ കർഷകരുടെ താൽപ്പര്യങ്ങൾ ബില്ലിൽ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന് പി.വി. മിഥുൻ റെഡ്ഡി കുറ്റപ്പെടുത്തി.
ഇതോടെ മുൻ വൈഎസ്ആർ സർക്കാർ മുന്നോട്ടുവെച്ച 'മൂന്ന് തലസ്ഥാനങ്ങൾ' എന്ന പദ്ധതി പൂർണ്ണമായും തള്ളപ്പെട്ടു. അമരാവതി തന്നെ ഏക തലസ്ഥാനമായി തുടരണമെന്ന ടിഡിപി സർക്കാരിന്റെ നിലപാടിനാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുന്നത്.
fgfg
