വോട്ട് കൊള്ള ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍
ശാരിക
ബംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍. പശ്ചിമബംഗാള്‍ സ്വദേശി ബാപി ആദ്യ ആണ് അറസ്റ്റിലായത്.
മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന കടയുടെ ഉടമയാണ് അറസ്റ്റിലായ ബാപി ആദ്യ. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിന് സഹായിച്ചു എന്നാണ് ബാപി ആദ്യക്കെതിരായ കേസ്. ഒടിപികള്‍ കൂട്ടത്തോടെ ബിജെപി നേതാവിന്‍റെ ഡേറ്റാ സെന്‍ററിലേക്ക് എത്തിച്ചു നല്‍കി എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
കല്‍ബുര്‍ഗിയിലെ ഒരു ഡേറ്റാ സെന്‍റര്‍ വഴിയാണ് വോട്ട് വെട്ടല്‍ പരിപാടികള്‍ നടന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധി തന്‍റെ ആരോപണത്തില്‍ പ്രധാനമായും എടുത്തുപറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പിന്‍റെ സമയത്ത് അലന്ദിലെ എംഎല്‍എ ആയിരുന്ന ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറും മകനും ചേര്‍ന്നാണ് ഡേറ്റാ സെന്‍ററിന് കരാര്‍ നല്‍കിയിരുന്നത് എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
രാഹുലിന്‍റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. അവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡേറ്റാ സെന്‍റര്‍ നടത്തിയിരുന്ന വ്യക്തി, സുഭാഷ് ഗുട്ടേദാര്‍, അദ്ദേഹത്തിന്‍റെ മകന്‍ എന്നിവരുള്‍പ്പെടെ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
werwer
