ഡെലിവറി ബോയിയെ കാറിടിപ്പിച്ചുകൊന്നു: ബംഗളൂരുവിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ
 
                                                            ഷീബ വിജയൻ
ബംഗളുരു I ഡെലിവറി ബോയിയെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയതിന് മലയാളിയുവാവും ഭാര്യയും അറസ്റ്റിൽ. ഒക്ടോബർ 25നാണ് സംഭവം. കെമ്പട്ടള്ളി സ്വദേശിയായ ദർശൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മനോജ് കുമാറിനെയും(32), ജമ്മുകശ്മീർ സ്വദേശിയായ ഭാര്യ ആരതി ശർമ(30)യുമാണ് അറസ്റ്റിലായത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ദമ്പതികൾ, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഡെലിവറി ഏജൻറിനെ മനഃപൂർവം ഇടിച്ചുവീഴ്ത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാറിടിച്ച് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റാണ് ദർശൻ മരിച്ചത്. ദക്ഷിണ ബംഗളൂരുവിലെ നടരാജ ലേഔട്ടിൽ നിന്നുള്ള സി.സി.ടി.വി ഫൂട്ടേജുകളിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.
സംഭവദിവസം രാത്രി ദർശന്റെ സ്കൂട്ടർ ദമ്പതികൾ സഞ്ചരിച്ച കാറിലിടിച്ചിരുന്നു. തുടർന്ന് കാറിന്റെ വലതു വശത്തെ റിയർ വ്യൂ മീറ്ററിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. ഭക്ഷണം വിതരണം ചെയ്യാൻ പോവുകയായിരുന്ന ദർശൻ സംഭവത്തിൽ ദമ്പതികളോട് മാറ്റു പറഞ്ഞ് ബൈക്കോടിച്ച് പോയി. എന്നാൽ കുപിതനായ മനോജ് കുമാർ വണ്ടി യൂടേൺ എടുത്ത് സ്കൂട്ടറിനെ പിന്തുടർന്ന് പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദർശനും പിറകിലിരുന്ന വരുണും റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ദർശന്റെ ജീവൻ രക്ഷിക്കാനായില്ല.
ോ്ി്ിേ്േ്
 
												
										 
																	