ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്കത്തിൽ കാണാതായവരുടെ എണ്ണം 75 ആയി

ഷീബ വിജയൻ
ധർമശാല: ഹിമാചൽ പ്രദേശിൽ ശക്തമായ മഴ, മണ്ണിടിച്ചിൽ, വെള്ളപൊക്കം, മേഘവിസ്‌ഫോടനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽപെട്ട് കാണാതായവരുടെ എണ്ണം 75 ആയി. ഇവർക്കായി തിരച്ചിൽ നടക്കുന്നതായി കേന്ദ്ര സേന അറിയിച്ചു. വെള്ളെപ്പൊക്ക ബാധിതർക്ക് നിലവിൽ സഹായമെത്തിക്കാനും ദുരിതാശ്വാസ പ്രവർത്തികൾക്കും കാലാവസ്ഥ പ്രതികൂലമായി തുടരുന്നതായി ഡെപ്യൂട്ടി കമീഷണർ അപൂർവ് ദേവ്ഗൺ പറഞ്ഞു. ശക്തമായ മണ്ണിടിച്ചിൽ തുടരുന്നതിനാൽ റോഡ് വഴിയുള്ള സഹായം ദുഷ്‌കരമാണ്. എന്നിരുന്നാലും തുനാഗിലെ പ്രധാന റോഡ് ഇന്ന് ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ഇവിടെ മാത്രം കാണാതായവരുടെ എണ്ണം 31 ആണ്. ഇവരിൽ ആരെയും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഏകദേശം 250 എസ്.ഡി.ആർ.എഫ്-എൻ.ഡി.ആർ.എഫ് ഉദ്യോഗസ്ഥരുടെ പ്രത്യേക സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നും അപൂർവ് ദേവ്ഗൺ പറഞ്ഞു. കാലവർഷം ശക്തി പ്രാപിക്കുകയും വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നത് ഒരു വെല്ലുവിളിയായി തുടരുന്നുണ്ട്.
അതേസമയം, മാണ്ഡി ജില്ലയിൽ അടുത്തിടെയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏറ്റവും കൂടുതൽ നാഷനഷ്ട്ടങ്ങളുണ്ടായ തുനാഗിൽ ഇന്തോ-ടിബറ്റൻ പൊലീസിന്റെ(ഐ.ടി.ബി.പി) പ്രത്യേക സംഘം എത്തിയിട്ടുണ്ട്. തകർന്ന വീടുകളുടെയും മറ്റും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടത്താനും ദുരിതത്തിൽപ്പെട്ട കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനും ഭരണകൂടവും എൻ.ഡി.ആർ.എഫുമായി ഐ.ടി.ബി.പി ഏകോപിച്ച് പ്രവർത്തിക്കും. ശക്തമായ മഴയിൽ 73 പേരാണ് ഇതുവരെ ഹിമാചലിൽ മരണപ്പെട്ടത്.
xcvxbvbv