ബിജെപിക്ക് ഈ വര്‍ഷം സംഭാവനയായി ലഭിച്ചത് 2,244 കോടി; മൂന്നിരട്ടി വര്‍ധനവെന്ന് കണക്ക്


കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നുമായി ഈ വര്‍ഷം ബിജെപിക്ക് ലഭിച്ച സംഭാവനയില്‍ മൂന്നിരട്ടി വര്‍ധനവ്. 2023-2024 വര്‍ഷത്തില്‍ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപയാണ്. 2022-2013 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിന് 288.9 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 79.9 കോടിയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാവുന്നത്.

പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നും ബിജെപിക്ക് 723.6 കോടി ലഭിച്ചു. കോണ്‍ഗ്രസിന് 156.4 കോടിയാണ് ലഭിച്ചത്. 2023-24 ല്‍ ബിജെപിയുടെ മൂന്നിലൊന്ന് സംഭാവനകളും കോണ്‍ഗ്രസിന്റെ പകുതിയിലധികം സംഭാവനകളും പ്രൂഡന്റ് ഇലക്ടറര്‍ ട്രസ്റ്റില്‍ നിന്നാണ്. 2022-23 വര്‍ഷത്തില്‍ മെഗാ എന്‍ഞ്ചിനീയറിംഗ് ആന്റ് ഇന്‍ഫ്രാ ലിമിറ്റഡ്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ആര്‍സെലര്‍ മെറ്റല്‍ ഗ്രൂപ്പ് ആന്റ് ഭാരതി എയര്‍ടെല്‍ എന്നിവയായിരുന്നു പ്രുഡന്റിലെ പ്രധാന ദാതാവ്.

ബിജെപിക്കും കോണ്‍ഗ്രസിനും ലഭിച്ച മൊത്തം സംഭാവനകളിലും ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള രസീത് ഉള്‍പ്പെടുന്നില്ല. ഇവ രാഷ്ട്രീയ പാര്‍ട്ടികളുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മാത്രമെ കാണിക്കുകയുള്ളൂ. 2024 ല്‍ സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ട് സ്‌കീം റദ്ദാക്കിയിരുന്നു.

അതേസമയം ചില പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്ക് ഇലക്ടറല്‍ ബോണ്ടിലൂടെ ലഭിച്ച തുകയും വ്യക്തമാക്കിയിട്ടുണ്ട്. ബിആര്‍എസിന് ബോണ്ടിലൂടെ 495.5 കോടി, ഡിഎംകെ- 60 കോടി, വൈഎസ്ആര്‍ കോണ്‍ഗ്രസ്- 121.5 കോടി എന്നിങ്ങനെയാണ് ലഭിച്ചത്. ജെഎംഎമ്മിന് 11.5 കോടി രൂപ ലഭിച്ചു.

You might also like

  • Straight Forward

Most Viewed