വിദേശത്ത് നിന്ന് വിവാഹപൂർവ്വ വൈദ്യപരിശോധന പൂർത്തിയാക്കിയവർക്ക് ഓൺലൈൻ സേവനവുമായി ഒമാൻ ആരോഗ്യ മന്ത്രാലയം
ശാരിക
മസ്കത്ത്: വിവാഹപൂർവ്വ വൈദ്യപരിശോധന (Premarital Medical Examination) വിദേശത്ത് നിന്ന് പൂർത്തിയാക്കിയവർക്കായി പുതിയ ഓൺലൈൻ സേവനവുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. വധൂവരന്മാരിൽ ഒരാളോ അല്ലെങ്കിൽ ഇരുവരുമോ മന്ത്രാലയം നിഷ്കർഷിക്കുന്ന വൈദ്യശാസ്ത്ര മാനദണ്ഡങ്ങൾക്കനുസരിച്ച് വിദേശത്തുവെച്ച് പരിശോധന പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഈ സേവനം പ്രയോജനപ്പെടുത്താനാവുക.
ആരോഗ്യ സ്ഥാപനങ്ങളിൽ നേരിട്ട് കയറിയിറങ്ങാതെ തന്നെ അപേക്ഷകർക്ക് തങ്ങളുടെ മെഡിക്കൽ പരിശോധനാ ഫലങ്ങൾ ഓൺലൈനായി സമർപ്പിക്കാനും, വെർച്വൽ കൺസൾട്ടേഷനിലൂടെ ഡോക്ടറുടെ ഉപദേശം തേടാനും, ആവശ്യമായ സർട്ടിഫിക്കറ്റ് സ്വന്തമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഈ സേവനം ലഭിക്കുന്നതിനായി അപേക്ഷകർ moh.gov.om എന്ന ഇലക്ട്രോണിക് ഹെൽത്ത് പോർട്ടൽ സന്ദർശിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. തുടർന്ന് 'അവർ സർവീസസ്' (Our Services) എന്നതിൽ നിന്ന് 'ഇൻഡിവിജ്വൽ സർവീസസ്' (Individual Services) തിരഞ്ഞെടുത്ത് 'പ്രീമാരിറ്റൽ മെഡിക്കൽ എക്സാമിനേഷൻ' വിഭാഗം തുറക്കണം. ശേഷം 'സ്റ്റാർട്ട് സർവീസ്' (Start Service) തിരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് പിന്നാലെ ആവശ്യമായ വിവരങ്ങളും അനുബന്ധ രേഖകളും സഹിതം അപേക്ഷ സമർപ്പിക്കാവുന്നതാണ്.
മന്ത്രാലയത്തിന്റെ വെർച്വൽ ക്ലിനിക്കിലെ ഡോക്ടർ സമർപ്പിച്ച വിവരങ്ങൾ പരിശോധിച്ച ശേഷം അപേക്ഷ സ്വീകരിക്കുകയോ, നിരസിക്കുകയോ, മാറ്റിവെക്കുകയോ ചെയ്യും. അപേക്ഷ നിരസിക്കുകയോ മാറ്റിവെക്കുകയോ ചെയ്താൽ അതിനുള്ള കാരണം അപേക്ഷാ കുറിപ്പുകളിൽ വ്യക്തമാക്കിയിരിക്കും. തുടർന്ന് അപേക്ഷകർക്ക് മെഡിക്കൽ കൺസൾട്ടേഷൻ സമയക്രമവും വീഡിയോ കോളിൽ പങ്കെടുക്കാനുള്ള ലിങ്കും അടങ്ങിയ അറിയിപ്പ് ലഭിക്കും. ഓൺലൈൻ കൺസൾട്ടേഷന് ശേഷം ആവശ്യമായ വൈദ്യോപദേശം നൽകുകയും അംഗീകൃത നടപടിക്രമങ്ങൾക്കനുസരിച്ച് സർട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്യും.
ഒമാന് പുറത്ത് നടത്തിയ വിവാഹപൂർവ്വ വൈദ്യപരിശോധനയുടെ റിപ്പോർട്ടാണ് പ്രധാനമായും സമർപ്പിക്കേണ്ടത്. വധൂവരന്മാരിൽ ഒരാൾ ഒമാനി പൗരനല്ലെങ്കിൽ, അവരുടെ സാധുവായ തിരിച്ചറിയൽ രേഖയുടെ (പാസ്പോർട്ട് അല്ലെങ്കിൽ ഒമാനിലെ പെർമനന്റ് റസിഡൻസ് കാർഡ്) പകർപ്പും അപേക്ഷയോടൊപ്പം നൽകണം. ഒമാൻ അംഗീകരിച്ച വിവാഹപൂർവ്വ വൈദ്യപരിശോധനാ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമാണ് എല്ലാ പരിശോധനകളും പൂർത്തിയാക്കേണ്ടതെന്ന് മന്ത്രാലയം നിഷ്കർഷിക്കുന്നു. കൂടാതെ, സമർപ്പിക്കുന്ന പരിശോധനാ ഫലങ്ങൾ ബന്ധപ്പെട്ട ആരോഗ്യ അതോറിറ്റിയും വിദേശകാര്യ മന്ത്രാലയവും ഉൾപ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങൾ വഴി സാക്ഷ്യപ്പെടുത്തിയതായിരിക്കണം.
sdfsf

