മഹാരാജാസ് കോളേജിലുണ്ടായത് ദൗർഭാഗ്യകരമായ സംഭവം; എസ്എഫ്ഐയുടേത് അപരിഷ്കൃത സമരരീതിയെന്ന് മന്ത്രി റോജി എം. ജോൺ
ശാരിക
എറണാകുളം: മഹാരാജാസ് കോളേജിൽ നടന്ന കോൺവൊക്കേഷൻ ചടങ്ങിനിടെയുണ്ടായത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. തന്റെ ഉദ്ഘാടന പ്രസംഗത്തിനിടയിൽ എസ്.എഫ്.ഐ വിദ്യാർഥികൾ ബാനറും പ്ലക്കാർഡുകളും ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ശേഷമാണ് താൻ പ്രസംഗം തുടർന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ പ്രസംഗം അവസാനിപ്പിക്കുമ്പോഴാണ് വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നത്.
ഏതൊരു പൊതുചടങ്ങിനും അതിന്റേതായ മര്യാദയും ഗൗരവവുമുണ്ട്. കോൺവൊക്കേഷന്റെ പ്രോട്ടോക്കോളിനെ ബാധിക്കാതിരിക്കാനാണ് ചടങ്ങിന്റെ അവസാനം മറുപടി നൽകാമെന്ന് താൻ വ്യക്തമാക്കിയത്. എന്നാൽ അത് അംഗീകരിക്കാൻ തയ്യാറാകാതെ പരിപാടിയിൽ ബോധപൂർവം പ്രശ്നം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തകർ വേദിയിലേക്ക് കയറി വരികയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഒരു ചോദ്യത്തിനും ഉത്തരം പറയാതെ താൻ പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധിക്കാനും സമരം ചെയ്യാനും ചില മര്യാദകളുണ്ട്. വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും വലിയ സ്വപ്നമായ കോൺവൊക്കേഷൻ പോലുള്ള പവിത്രമായ ചടങ്ങ് തടസ്സപ്പെടുത്തിയല്ല പ്രതിഷേധങ്ങൾ സംഘടിപ്പിക്കേണ്ടത്. ഇത്തരം ജനാധിപത്യപരമല്ലാത്ത സമരരീതികൾക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും എസ്.എഫ്.ഐ നടത്തിയത് തികച്ചും അപരിഷ്കൃതമായ സമരരീതിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. മഹാരാജാസിൽ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വിദ്യാർഥികളുടെ അഡ്മിഷൻ വരെ റദ്ദു ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അന്ന് ഇവരൊന്നും ഇത്തരത്തിൽ ചോദ്യങ്ങൾ ചോദിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും മന്ത്രി ഫെയ്സ്ബുക്കിലൂടെയും മാധ്യമങ്ങളിലൂടെയും ചോദിച്ചു.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു കോളേജിൽ എസ്.എഫ്.ഐ പ്രതിഷേധം നടത്തിയത്. മന്ത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കവേ, സംസ്കൃത സർവകലാശാലയിലെ സസ്പെൻഷൻ നടപടിയുമായി ബന്ധപ്പെട്ട് സദസ്സിൽനിന്ന് വിദ്യാർഥികൾ പ്ലക്കാർഡുകൾ ഉയർത്തി ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. പ്രസംഗത്തിനുശേഷം മറുപടി നൽകാമെന്ന് മന്ത്രി അറിയിച്ചെങ്കിലും വിദ്യാർഥികൾ ബഹളം തുടരുകയായിരുന്നു. മന്ത്രി പ്രസംഗം പൂർത്തിയാക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം കൂടുതൽ ശക്തമായതോടെ അദ്ദേഹം പ്രസംഗം അവസാനിപ്പിച്ച് വേദി വിടുകയായിരുന്നു.
ggg

