തുലാവർഷം വരുന്നു: തെക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്


ഷീബ വിജയൻ

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) ഗണ്യമായി കുറഞ്ഞതിന് പിന്നാലെ, വരാനിരിക്കുന്ന തുലാവർഷത്തിൽ (വടക്കുകിഴക്കൻ മൺസൂൺ) സംസ്ഥാനത്ത് മഴലഭ്യതയിൽ പ്രാദേശികമായ വലിയ വ്യത്യാസത്തിന് സാധ്യത. തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും വടക്കൻ കേരളത്തിൽ സാധാരണയിൽ കുറഞ്ഞ മഴ മാത്രമേ ലഭിക്കൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ ഉപദ്വീപിൽ പൊതുവെ സാധാരണ നിലയിലുള്ള മഴ ലഭിക്കും. എന്നാൽ ഇത് സംസ്ഥാനത്തുടനീളം ഒരുപോലെ ആയിരിക്കില്ലെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മൺസൂണിനെ അപേക്ഷിച്ച് തുലാവർഷത്തിന്റെ സ്വഭാവം കൂടുതൽ പ്രവചനാതീതവും പ്രാദേശികവുമാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും സഞ്ചാരപഥത്തെ ആശ്രയിച്ചായിരിക്കും കേരളത്തിലെ തുലാവർഷ ലഭ്യത.

ഒന്നോ രണ്ടോ അനുകൂലമായ ചുഴലിക്കാറ്റുകൾ രൂപപ്പെട്ടാൽ പോലും മഴയുടെ കണക്കുകൾ പൂർണമായും മാറിയേക്കാം. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ 1,446.5 മില്ലീമീറ്റർ മഴ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. 1901ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏഴാമത്തെയും 2001ന് ശേഷമുള്ള നാലാമത്തെയും കുറഞ്ഞ കാലവർഷമായിരുന്നു ഇത്. അതിനാൽ തുലാവർഷ പ്രവചനം സംസ്ഥാനത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്. ഇതോടൊപ്പം, പകൽ സമയത്തെ താപനില സാധാരണ നിലയേക്കാൾ ഉയർന്നുനിൽക്കാൻ സാധ്യതയുണ്ട്. തുലാവർഷത്തിൽ സാധാരണയായി ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ആയിരിക്കും ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുക.

article-image

sadsadsdsaads

You might also like

  • Lulu Exchange
  • Straight Forward

Most Viewed