ഡ്രൈ ഡോക്ക് ഹൈവേയിൽ 14-കാരന്റെ മരണം: കാൽനടപ്പാലം വേണമെന്ന ആവശ്യവുമായി കൗൺസിലർമാർ


പ്രദീപ് പുറവങ്കര

മനാമ: ഡ്രൈ ഡോക്ക് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ 14 വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ടതിനെ തുടർന്ന് സംഭവസ്ഥലത്ത് അടിയന്തരമായി കാൽനടപ്പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി ഏരിയ കൗൺസിലർമാർ രംഗത്ത്. ഈ സ്ഥലത്ത് പാലം പണിയണമെന്ന നിർദ്ദേശം നാല് വർഷം മുമ്പ് സമർപ്പിച്ചിരുന്നെങ്കിലും അധികൃതർ നിരാകരിക്കുകയായിരുന്നുവെന്ന് കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി.

മുഹറഖ് ക്ലബ്ബിന്റെ അണ്ടർ-14 ടീം ഗോൾകീപ്പറായ അഹമ്മദ് എന്ന കൗമാരക്കാരനാണ് സെപ്റ്റംബർ 3-ന് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്. അഹമ്മദും 15 വയസ്സുള്ള സുഹൃത്തും സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ വാഹനം ഇടിച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന കുട്ടിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

നാല് വർഷം മുമ്പ് എൻജിനീയർമാർ കൃത്യമായി തയ്യാറാക്കിയ രൂപരേഖ സഹിതം റോഡിന്റെ ചുമതലയുള്ള കമ്പനിയെ സമീപിച്ചിരുന്നതായി കൗൺസിലർ അൽ മുഖഹ്വി അറിയിച്ചു. എന്നാൽ ബജറ്റ് പരിമിതികളും മറ്റ് തടസ്സങ്ങളും ചൂണ്ടിക്കാട്ടി കമ്പനി ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. ദാരുണമായ ഈ മരണത്തിന് പിന്നാലെ, ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കാൽനടപ്പാലം അടിയന്തരമായി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ വീണ്ടും മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്.

മറ്റ് താത്കാലിക സുരക്ഷാ ക്രമീകരണങ്ങളൊന്നും പാലത്തിന് പകരമാവില്ലെന്ന് അൽ മുഖഹ്വി വ്യക്തമാക്കി. ട്രാഫിക് പട്രോളിംഗും ഡ്രൈവർമാരുടെ ജാഗ്രതയും അത്യാവശ്യമാണെങ്കിലും, അപകടങ്ങൾ ഒഴിവാക്കാൻ ഒരു കാൽനടപ്പാലം എത്രയും വേഗം നിർമ്മിക്കുക മാത്രമാണ് ശാശ്വത പരിഹാരമെന്ന് കൗൺസിലർ കൂട്ടിച്ചേർത്തു.

article-image

cvxcvv

You might also like

  • Lulu Exchange
  • Straight Forward

Most Viewed