വേദനയുടെ നാളുകൾക്ക് വിട: ക്യാൻസർ ബാധിതനായ പ്രവാസി നാട്ടിലേക്ക് മടങ്ങി; കൈത്താങ്ങായി ഹോപ്പ് ടീം
പ്രദീപ് പുറവങ്കര
മനാമ: ഹോസ്പിറ്റൽ കിടക്കയിലെ വേദനയും അനിശ്ചിതത്വവും നിറഞ്ഞ നാളുകൾക്കൊടുവിൽ, ബഹ്റൈനിലെ പ്രവാസി ജീവിതം അവസാനിപ്പിച്ച് ഹൈദരാബാദ് സ്വദേശി രാജേഷ് കോരപു നാട്ടിലേക്ക് മടങ്ങി. ബഹ്റൈനിൽ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെയാണ് രാജേഷിന് അപ്രതീക്ഷിതമായി ബോൺ ക്യാൻസർ സ്ഥിരീകരിച്ചത്. രോഗത്തെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
നാട്ടിൽ ഏഴും രണ്ടും വയസ്സുള്ള രണ്ട് മക്കളാണ് രാജേഷിനെ കാത്തിരിക്കുന്നത്. രണ്ട് വർഷമായി ഇളയ കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും ഈ പിതാവിന് കഴിഞ്ഞിരുന്നില്ല. കുറച്ചുനാൾ മുൻപ് അന്തരിച്ച പിതാവിന്റെ ദീർഘകാലത്തെ ചികിത്സയ്ക്കായി വലിയ തുക കടമെടുക്കേണ്ടി വന്ന കുടുംബത്തിന്, രാജേഷിന്റെ രോഗാവസ്ഥ വീണ്ടും കനത്ത പ്രഹരമായി മാറി.
രാജേഷിന്റെ ദയനീയസ്ഥിതി മനസ്സിലാക്കി ജീവാകാരുണ്യ കൂട്ടായ്മയായ 'ഹോപ്പ് ടീം' തുടക്കം മുതൽ സഹായഹസ്തവുമായി ഒപ്പമുണ്ടായിരുന്നു. ജോലി ചെയ്തിരുന്ന കമ്പനി നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നൽകി. തുടർചികിത്സയ്ക്കും കുടുംബത്തിന്റെ ആവശ്യങ്ങൾക്കുമായി 1,060 ബഹ്റൈൻ ദിനാർ (രണ്ടു ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സഹായധനവും കുട്ടികൾക്കുള്ള സ്നേഹസമ്മാനങ്ങളും ഹോപ്പ് ടീം രാജേഷിന് കൈമാറി.
എയർപോർട്ടിൽ സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി, ഷാജി മൂത്തൽ എന്നിവർ ചേർന്നാണ് ഇദ്ദേഹത്തെ യാത്രയാക്കിയത്. നാട്ടിലെത്തിയ ശേഷം തനിക്ക് കൈത്താങ്ങായ ബഹ്റൈനിലെ ഓരോ സുമനസ്സുകളോടും ഹോപ്പ് ടീമിനോടും രാജേഷ് നന്ദി രേഖപ്പെടുത്തി.
dsadsasdas

