സിന്തറ്റിക് ലഹരിമരുന്നുകളും ഹാഷിഷും പിടികൂടി; ഈജിപ്ഷ്യൻ പൗരൻ ബഹ്റൈനിൽ വിചാരണയിൽ
പ്രദീപ് പുറവങ്കര
മനാമ: വൻതോതിൽ ലഹരിമരുന്നുകൾ കൈവശം വെയ്ക്കുകയും വിൽപ്പന നടത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ 43-കാരനായ ഈജിപ്ഷ്യൻ പൗരൻ ബഹ്റൈനിൽ വിചാരണ നേരിടുന്നു. ആൻറി നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്.
രാജ്യത്തേക്ക് ലഹരിമരുന്നുകൾ എത്തിച്ച് വിതരണം ചെയ്യുന്ന വൻ സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വിദേശത്തുനിന്ന് എത്തുന്ന ലഹരിവസ്തുക്കൾ ശേഖരിച്ച് സൂക്ഷിക്കുകയും ചെറിയ അളവുകളിലാക്കി വിതരണം ചെയ്യുകയും ചെയ്തിരുന്നത് ഇയാളാണെന്ന് സുരക്ഷാസേന കണ്ടെത്തി.
പബ്ലിക് പ്രൊസിക്യൂഷന്റെ വാറന്റോടെ ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരമാണ് പിടിച്ചെടുത്തത്. വിൽപനയ്ക്കായി തയ്യാറാക്കിയ മൂന്ന് കിലോയോളം വരുന്ന സിന്തറ്റിക് കനാബിനോയിഡ് അടങ്ങിയ 145 ഗ്ലാസ് കുപ്പികൾ, സ്പ്രേ ബോട്ടിലുകൾ, അരക്കിലോയോളം ഹാഷിഷ്, ലഹരിമരുന്ന് ലായനിയിൽ മുക്കിയ നൂറിലധികം എ4 സൈസ് കടലാസുകൾ എന്നിവ പോലീസ് കണ്ടെടുത്തു.
പ്രതിയുടെ ഫോൺ പരിശോധിച്ച സൈബർ ക്രൈം ഡയറക്ടറേറ്റ്, ലഹരിമരുന്ന് സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ബെനഫിറ്റ് പേ (BenefitPay) വഴിയുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും കണ്ടെത്തി. പ്രതി ലഹരിമരുന്ന് ഉപയോഗിച്ചതായി ഫോറൻസിക് പരിശോധനയിലും വ്യക്തമായിട്ടുണ്ട്.
എന്നാൽ കോടതിയിൽ ഹാജരാക്കിയ പ്രതി തനിക്കെതിരെയുള്ള കുറ്റങ്ങൾ നിഷേധിച്ചു. കേസിൽ വിശദമായ വാദം കേൾക്കുന്നതിനും രേഖകൾ പരിശോധിക്കുന്നതിനുമായി കേസ് സെപ്റ്റംബർ 21-ലേക്ക് മാറ്റി വെച്ചു.
cvxcxcx

