മക്കയ്ക്ക് സമീപം ഹൂതി ഡ്രോൺ തകർത്തുവെന്ന് സൗദി സൈനിക സഖ്യം; ആരോപണം നിഷേധിച്ച് ഹൂതികൾ
പ്രദീപ് പുറവങ്കര
റിയാദ്: സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്കയ്ക്ക് തെക്ക് ഭാഗത്ത് ഹൂതികൾ അയച്ച ഡ്രോൺ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. മക്കയ്ക്ക് മുകളിലുള്ള നിരോധിത വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഡ്രോൺ തടയാനായെന്ന് സഖ്യത്തിന്റെ വക്താവ് തുർക്കി അൽ-മാലികി വ്യക്തമാക്കി. 2017 ജൂലൈയിലെ ബാലിസ്റ്റിക് മിസൈൽ പ്രയോഗത്തിന് ശേഷം മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന രണ്ടാമത്തെ ആക്രമണശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന ആരോപണം ഹൂതി അധികൃതർ പൂർണ്ണമായും നിഷേധിച്ചു. സൗദിയുടെ ആരോപണം വ്യാജമാണെന്ന് ഹൂതി രാഷ്ട്രീയ ബ്യൂറോ അംഗം മുഹമ്മദ് അൽ-ഫറാ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് മക്ക ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ സൗദി അധികൃതർ സുരക്ഷാ മുന്നറിയിപ്പുകൾ നൽകുകയും സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
xczascxzxxz

