മനാമ മുനിസിപ്പാലിറ്റി മന്ദിരം ബഹ്റൈൻ പാർലമെന്റ് സ്പീക്കർ സന്ദർശിച്ചു: പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിലയിരുത്തി


പ്രദീപ് പുറവങ്കര

മനാമ: ചരിത്രപ്രസിദ്ധമായ മനാമ മുനിസിപ്പാലിറ്റി കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം സന്ദർശനം നടത്തി. മുനിസിപ്പാലിറ്റീസ് കാര്യ, കൃഷി മന്ത്രി വായെൽ അൽ മുബാറക്, അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ എന്നിവരും സ്പീക്കർക്കൊപ്പമുണ്ടായിരുന്നു. ബഹ്‌റൈനിലെ ചരിത്ര-സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ദിരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

കെട്ടിടത്തിന്റെ തനിമയാർന്ന വാസ്തുവിദ്യാ സവിശേഷതകളും ചരിത്രപരമായ പ്രത്യേകതകളും ചോർന്നുപോകാതെ സംരക്ഷിച്ചതിൽ സ്പീക്കർ സംതൃപ്തി പ്രകടിപ്പിച്ചു. നൂറ്റാണ്ടിലേറെ പഴക്കമുള്ള ബഹ്‌റൈനിലെ നഗരസഭാ പ്രവർത്തനങ്ങളുടെയും വികസനത്തിന്റെയും ഘട്ടങ്ങൾ വ്യക്തമാക്കുന്ന അപൂർവ്വ രേഖകളും ചരിത്ര വസ്തുക്കളും അടങ്ങിയ എക്സിബിഷനും അദ്ദേഹം വീക്ഷിച്ചു. രാജ്യത്തിന്റെ വികസന മുന്നേറ്റങ്ങളെയും പൈതൃകത്തെയും വരുംതലമുറയ്ക്ക് പരിചയപ്പെടുത്താൻ ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്ന് സ്പീക്കർ പറഞ്ഞു.

1962-ൽ അന്തരിച്ച അമീർ ശൈഖ് ഈസ ബിൻ സൽമാൻ അൽ ഖലീഫ ഉദ്ഘാടനം ചെയ്ത ഈ ചരിത്ര മന്ദിരം പുനരുദ്ധാരണത്തിന് ശേഷം 2025 ഡിസംബറിലാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ വീണ്ടും നാടിന് സമർപ്പിച്ചത്. ബഹ്‌റൈന്റെ തദ്ദേശീയ വികസന ചരിത്രത്തിൽ വലിയൊരു നാഴികക്കല്ലായാണ് ഈ മന്ദിരത്തെ കണക്കാക്കുന്നത്.

article-image

gdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed