വിദ്യാഭ്യാസ രംഗത്തെ എഐ വിപ്ലവം: യുനെസ്കോ - കിംഗ് ഹമദ് പുരസ്കാരങ്ങൾ സമ്മാനിച്ചു; പുതിയ എഐ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് ബഹ്റൈൻ
പ്രദീപ് പുറവങ്കര
പാരീസ്: ഡിജിറ്റൽ സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന രണ്ട് അന്താരാഷ്ട്ര പദ്ധതികൾക്ക് 2026-ലെ യുനെസ്കോ - കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ പുരസ്കാരം സമ്മാനിച്ചു. പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ ജേതാക്കൾക്ക് ബഹ്റൈൻ രാജാവിന്റെയും കിരീടാവകാശിയുടെയും ആശംസകൾ അറിയിച്ചു.
ഫിൻലാന്റിലെ സർവകലാശാലകൾ ചേർന്ന് നടപ്പിലാക്കുന്ന "ജനറേഷൻ എഐ", ബ്രസീലിലെ പരാന വിദ്യാഭ്യാസ സെക്രട്ടറിയേറ്റ് അവതരിപ്പിച്ച "റെഡാകാവോ പരാന" എന്നീ പദ്ധതികളാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹമായത്. 'എഐ ഉപയോഗിച്ച് സർഗ്ഗാത്മകതയും ചിന്താശേഷിയും പുനർനിർവചിക്കുക' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ 58 രാജ്യങ്ങളിൽ നിന്നായി 114 എൻട്രികളാണ് ലഭിച്ചത്.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി നൂറിലധികം സേവനങ്ങൾ ഉൾപ്പെടുത്തിയുള്ള പുതിയ എഐ വിദ്യാഭ്യാസ പ്ലാറ്റ്ഫോം ബഹ്റൈനിൽ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. കൂടാതെ, പൊതുവിദ്യാലയങ്ങളിൽ ഐബി (International Baccalaureate) കറിക്കുലം നേരിട്ട് നടപ്പിലാക്കുന്ന മേഖലയിലെ ആദ്യ രാജ്യമായി ബഹ്റൈൻ മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. യുനെസ്കോ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ പ്രൊഫ. ചിയോൺ തായേ-യോൺ ചടങ്ങിൽ സംസാരിച്ചു.
dfsdf

