ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ കൂടിക്കാഴ്ച നടത്തി
പ്രദീപ് പുറവങ്കര
മനാമ: കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ കൂടിക്കാഴ്ച നടത്തി. റിഫാ കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
വിവിധ മേഖലകളിലെ സഹകരണത്തിലൂടെയും സജീവമായ ഇടപെടലുകളിലൂടെയും ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ദീർഘകാല തന്ത്രപ്രധാന ബന്ധത്തെ കിരീടാവകാശി യോഗത്തിൽ എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹ്റൈന്റെ വികസനത്തിൽ ഇന്ത്യൻ സമൂഹം നൽകുന്ന വിലപ്പെട്ട സംഭാവനകളെയും പ്രവാസി സമൂഹവുമായുള്ള ശക്തമായ ജനകീയ ബന്ധത്തെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുരാജ്യങ്ങൾക്കും പൊതുവായ താല്പര്യമുള്ള വിവിധ വിഷയങ്ങളും ചർച്ചയിൽ ഉയർന്നുവന്നു. ബഹ്റൈൻ-ഇന്ത്യ ബന്ധം കൂടുതൽ ഉന്നതിയിലെത്തിക്കാൻ കിരീടാവകാശി നൽകുന്ന പിന്തുണയ്ക്ക് അംബാസഡർ വിനോദ് കുര്യൻ ജേക്കബ് നന്ദി രേഖപ്പെടുത്തുകയും ബഹ്റൈൻ രാജ്യത്തിന്റെ തുടർ പുരോഗതിക്കും സമൃദ്ധിക്കും ആശംസകൾ നേർന്നു.
ധനകാര്യ, ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
sadsadsads

