മുത്തങ്ങ വധശ്രമക്കേസ്: എം. ഗീതാനന്ദൻ ഉൾപ്പെടെ നാലുപേർക്ക് ജാമ്യം; രണ്ടാം ഭൂസമരത്തിന് തുടക്കമിടുമെന്ന് പ്രഖ്യാപനം
ശാരിക
കൊച്ചി: മുത്തങ്ങ അബ്ദുൽ സലാം വധശ്രമക്കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാലുപേർ ജാമ്യം നേടി പുറത്തിറങ്ങി. ഗീതാനന്ദനെക്കൂടാതെ ബിനു, രമേശൻ കൊയ്യാലിപ്പുര, അനിൽകുമാർ എന്നിവരാണ് ജയിൽമോചിതരായത്. 2003ലെ മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരനായ അബ്ദുൽ സലാമിനെ ആക്രമിച്ച കേസിൽ കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇവർക്ക് അഞ്ചു വർഷത്തെ കഠിനതടവും പിഴയും വിധിച്ചിരുന്നു. എന്നാൽ ശിക്ഷാവിധിയിൽ പിഴവുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഈ ശിക്ഷാവിധി മരവിപ്പിച്ചു. തുടർന്നാണ് നാല് പ്രതികൾക്കും കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.
കേസിലെ വിചാരണ ഏകപക്ഷീയമായിരുന്നുവെന്നും മുത്തങ്ങയിൽ കൊല്ലപ്പെട്ട ജോഗിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും ജയിൽമോചിതനായ ശേഷം എം. ഗീതാനന്ദൻ പ്രതികരിച്ചു. വൈകാതെ തന്നെ രണ്ടാം ഭൂസമരത്തിന് തുടക്കം കുറിക്കുമെന്നും മുത്തങ്ങയിലെ ഭൂരഹിതരായ മനുഷ്യർക്ക് ഭൂമി ലഭിക്കുന്നത് വരെ പോരാട്ടം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
sdff

