‘BH Alert’ വ്യാജ എമർജൻസി ആപ്പ്: ജാഗ്രതാ നിർദേശവുമായി സൈബർ സുരക്ഷാ വിദഗ്ധർ


പ്രദീപ് പുറവങ്കര

മനാമ: ഔദ്യോഗിക സിവിൽ ഡിഫൻസ് സേവനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങളും പാസ്‌വേഡുകളും ചോർത്തുന്ന വ്യാജ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. 'BH Alert' എന്ന പേരിൽ പ്രവർത്തിക്കുന്ന ഈ മാൽവെയർ പ്രധാനമായും ആൻഡ്രോയിഡ് ഫോണുകളെയാണ് ലക്ഷ്യമിടുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിന്റെയും ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റുകളുടെയും വ്യാജ പതിപ്പുകൾ നിർമ്മിച്ചാണ് തട്ടിപ്പുകാർ ഈ ആപ്പ് പ്രചരിപ്പിക്കുന്നത്.

ഡ്രീം റിസർച്ച് ലാബ്സ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിലാണ് ഈ വൻ സൈബർ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. മിസൈൽ ആക്രമണ ഭീഷണികളും സിവിൽ ഡിഫൻസ് സൈറണുകളും മുഴങ്ങുന്ന അടിയന്തിര സാഹചര്യങ്ങൾ മുതലെടുത്താണ് തട്ടിപ്പുകാർ ഇത്തരം ആപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഔദ്യോഗിക സുരക്ഷാ ആപ്പാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആളുകൾ ഇത് ഡൗൺലോഡ് ചെയ്യുന്നുണ്ട്.

ആഭ്യന്തര മന്ത്രാലയം, സിവിൽ ഡിഫൻസ്, ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ പേരുകളും ലോഗോകളും വ്യാജമായി ഉപയോഗിച്ചാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിന് സമാനമായ വ്യാജ സൈറ്റുകൾ നിർമ്മിച്ച്, ലക്ഷത്തിലധികം ആളുകൾ ഡൗൺലോഡ് ചെയ്തതായും വ്യാജ റിവ്യൂകൾ നൽകിയും ഉപയോക്താക്കളെ വിശ്വസിപ്പിക്കുന്നു. ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്ന ഈ ആപ്പിന് എസ്‌.എം.എസ്, ഒ.ടി.പി, കോൺടാക്റ്റുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ചോർത്താൻ സാധിക്കും.

ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ആപ്പുകൾ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ പരിശോധിച്ചുറപ്പിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ മാത്രം ഡൗൺലോഡ് ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വാട്സാപ്പ്, ഇമെയിൽ, എസ്‌.എം.എസ് എന്നിവയിലൂടെ ലഭിക്കുന്ന അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്. ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് വെബ് വിലാസം (play.google.com) കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും സൈബർ സുരക്ഷാ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed