ഫുഡ് ഡെലിവറി ആപ്പുകളുടെ അമിത കമ്മീഷന് തടയിടാൻ നീക്കവുമായി ബഹ്റൈൻ പാർലിമെന്റ്


പ്രദീപ് പുറവങ്കര

മനാമ: ഭക്ഷണ ഡെലിവറി ആപ്പുകൾ ഈടാക്കുന്ന ഭീമമായ കമ്മീഷൻ തുകയ്ക്ക് നിശ്ചിത പരിധി നിശ്ചയിക്കണമെന്ന ആവശ്യവുമായി ബഹ്‌റൈൻ പാർലമെന്റ്. ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെ അമിത നിരക്കുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി എം.പി ജലീല അലവിയാണ് നിർണായക നിർദേശം സഭയിൽ സമർപ്പിച്ചത്.

ആപ്പുകൾ ഈടാക്കുന്ന കമ്മീഷൻ, കരാറുകൾ, പരാതി പരിഹാരം എന്നിവ കൃത്യമായി നിയന്ത്രിക്കാൻ രാജ്യത്ത് സമഗ്രമായ നിയമനിർമാണം നടത്തണമെന്ന് നിർദേശത്തിൽ ആവശ്യപ്പെടുന്നു. ഓരോ ഓർഡറിലും 25 ശതമാനം മുതൽ 30 ശതമാനം വരെ കമ്മീഷൻ ആപ്പുകൾ ഈടാക്കുന്നത് മൂലം ചെറുകിട റസ്റ്റോറന്റുകളും കഫേകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ ഭാരം ഒടുവിൽ ഉൽപ്പന്നങ്ങളുടെ വിലവർധനവിലൂടെ ഉപഭോക്താക്കളിലേക്കാണ് എത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കരാറിൽ ഒപ്പുവെക്കുന്നതിന് മുമ്പ് തന്നെ എല്ലാവിധ ഫീസുകളും കമ്മീഷൻ കണക്കാക്കുന്ന രീതിയും ആപ്പുകൾ വ്യാപാരികളെ വ്യക്തമായി അറിയിക്കണമെന്നും, മത്സരശേഷിയെ ബാധിക്കുന്ന തരത്തിലുള്ള ന്യായരഹിതമായ കരാർ നിബന്ധനകൾ നിരോധിക്കണമെന്നും നിർദേശത്തിലുണ്ട്. കൂടാതെ, വ്യാപാരികളുടെ പരാതികൾ പരിശോധിച്ച് നടപടിയെടുക്കാൻ പ്രത്യേക വാച്ച്‌ഡോഗ് സംവിധാനത്തിനും ശുപാർശയുണ്ട്.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ തടസ്സപ്പെടുത്താനോ കമ്പനികളുടെ ലാഭത്തെ ബാധിക്കാനോ അല്ല ഈ നീക്കമെന്ന് എം.പി ജലീല അലവി വ്യക്തമാക്കി. ഡെലിവറി ആപ്പുകൾക്ക് ന്യായമായ വരുമാനം ലഭിക്കണം, അതേസമയം തന്നെ ചെറുകിട സ്ഥാപനങ്ങൾക്കും തങ്ങളുടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ തക്കവണ്ണമുള്ള വരുമാനം ബാക്കിയുണ്ടാകണം. കൃത്യമായ നിയമങ്ങൾ നിലവിൽ വരുന്നത് പ്രാദേശിക സ്ഥാപനങ്ങൾക്ക് സംരക്ഷണമേകുകയും ഉപഭോക്താക്കൾക്ക് അനാവശ്യ വിലവർധനവ് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed