ബെനിഫിറ്റ് ആപ്പ് വഴി പണം തട്ടിയ കേസ്: പ്രതിയെ മാനസിക പരിശോധനയ്ക്ക് വിധേയനാക്കാൻ ബഹ്റൈൻ കോടതി ഉത്തരവ്


പ്രദീപ് പുറവങ്കര

മനാമ: സിം കാർഡ് വ്യാജമായി കൈക്കലാക്കി വ്യവസായിയുടെ ബെനിഫിറ്റ് പേ അക്കൗണ്ടിൽ നിന്ന് 2,490 ദിനാർ തട്ടിയെടുത്ത കേസിൽ ശിക്ഷിക്കപ്പെട്ട ബഹ്‌റൈനി പൗരനെ മാനസിക പരിശോധനയ്ക്ക് വിധേയനാക്കാൻ അഞ്ചാം ഹൈ ക്രിമിനൽ അപ്പീൽ കോടതി ഉത്തരവിട്ടു.

തട്ടിപ്പ് കേസിൽ 36 വയസ്സുകാരനായ പ്രതിക്ക് കീഴ്‌ക്കോടതി മൂന്ന് വർഷം തടവും 3,000 ദിനാർ പിഴയും വിധിച്ചിരുന്നു. ഈ വിധിക്കെതിരെയുള്ള അപ്പീൽ പരിഗണിക്കവേയാണ്, പ്രതി കുറ്റകൃത്യം ചെയ്യുമ്പോൾ മാനസികമായി സ്വബോധത്തോടെയാണോ പ്രവർത്തിച്ചതെന്ന് വ്യക്തമാക്കാൻ കോടതി വിദഗ്ധ പരിശോധനയ്ക്ക് നിർദേശിച്ചത്.

വ്യവസായി വിദേശത്തായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പവർ ഓഫ് അറ്റോർണി ദുരുപയോഗം ചെയ്താണ് പ്രതി മൊബൈൽ നമ്പറിന്റെ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് കൈക്കലാക്കിയത്. ഈ സിം കാർഡിലേക്ക് വന്ന ഒ.ടി.പി (OTP) ഉപയോഗിച്ച് വ്യവസായിയുടെ ബാങ്ക് അക്കൗണ്ടിൽ പ്രവേശിക്കുകയും, 2,490 ദിനാർ തന്റേയും മകളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റുകയുമായിരുന്നു. കേസിൽ കൂടുതൽ നിയമനടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് കോടതി മാനസിക പരിശോധനാ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed