അശ്രദ്ധമായ അറ്റകുറ്റപ്പണി കാരണം കാറിന് തീപിടിച്ചു; 2,615 ദിനാർ നഷ്ടപരിഹാരം നൽകണമെന്ന് ബഹ്റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: ഗാരേജിൽ നൽകി അറ്റകുറ്റപ്പണി നടത്തിയതിന് തൊട്ടുപിന്നാലെ കാറിന് തീപിടിച്ച സംഭവത്തിൽ ബഹ്‌റൈനി വനിതയ്ക്ക് 2,615 ബഹ്‌റൈനി ദിനാർ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് ഹൈ സിവിൽ അപ്പീൽ കോടതി ശരിവെച്ചു. സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായതോടെയാണ് കോടതി നടപടി.
എഞ്ചിൻ അമിതമായി ചൂടാകുന്ന പ്രശ്നം പരിഹരിക്കാനാണ് ഉടമ വാഹനം ഗാരേജിൽ നൽകിയത്. എന്നാൽ, പണി പൂർത്തിയാക്കി വാഹനം തിരികെ വാങ്ങി രണ്ടാം ദിവസം കാറിന് തീപിടിക്കുകയായിരുന്നു. മെക്കാനിക്കുകൾ ഫ്യുവൽ പ്രഷർ റെഗുലേറ്റർ വീണ്ടും ഘടിപ്പിച്ചപ്പോൾ അത്യാവശ്യമായ സീലിംഗ് റിംഗുകൾ മാറ്റിവെച്ചില്ലെന്ന് ടെക്നിക്കൽ വിദഗ്ധരുടെ പരിശോധനയിൽ കണ്ടെത്തി. ഇതിനെത്തുടർന്നുണ്ടായ ഇന്ധനച്ചോർച്ച ചൂടുള്ള എഞ്ചിൻ ഭാഗങ്ങളിലേക്ക് പടർന്നതാണ് തീപിടുത്തത്തിന് കാരണമായത്.
തീപിടുത്തത്തിൽ കാറിന്റെ എഞ്ചിൻ, ഗിയർബോക്സ്, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, മുൻഭാഗം എന്നിവ പൂർണ്ണമായും നശിച്ച് വാഹനം ഇനി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായി. അറ്റകുറ്റപ്പണിയിലെ പിഴവാണ് അപകടത്തിന് നേരിട്ട് കാരണമായതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഗാരേജ് മാനേജരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയ്ക്കാണ് ഈ നഷ്ടപരിഹാരം വിധിച്ചത്.
sf

