വേഗത കുറവാണെങ്കിലും ഹെൽമെറ്റ് വേണം; ഇ-സ്കൂട്ടർ നിയമങ്ങളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ
ഷീബ വിജയൻ
സംസ്ഥാനത്ത് ഓടുന്ന കുറഞ്ഞ വേഗതയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്നത് സർക്കാർ ആലോചിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയിൽ വ്യക്തമാക്കി. നിയമസഭയിൽ തോമസ് ഉണ്ണിയാടൻ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. നിലവിലെ നിയമപ്രകാരം 250 വാട്ട്സിൽ താഴെ ശേഷിയുള്ളതും മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ മാത്രം വേഗതയുള്ളതുമായ വാഹനങ്ങളെ 'നോൺ മോട്ടോർ വെഹിക്കിൾ' വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കാരണം കൊണ്ട് തന്നെ ഇത്തരം ഇ-സ്കൂട്ടറുകൾക്ക് നിലവിൽ രജിസ്ട്രേഷനോ ഹെൽമെറ്റോ ആവശ്യമില്ല. എന്നാൽ, അടുത്തകാലത്തായി ഇത്തരം വാഹനങ്ങൾ ഉൾപ്പെടുന്ന അപകടങ്ങൾ വൻതോതിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ചട്ടങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നത്. നിലവിൽ രജിസ്ട്രേഷനും ഹെൽമെറ്റും ആവശ്യമില്ലാത്ത ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും ബാധകമല്ലെന്നത് വലിയൊരു പ്രതിസന്ധിയാണ്. ഈ ഗുരുതര സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാന സർക്കാരുകൾക്ക് ലഭ്യമായ പ്രത്യേക ചട്ടനിർമാണ അധികാരം ഉപയോഗിച്ച് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
dd

