ലോകത്തിലെ രണ്ടാമത്തെ വെജിറ്റേറിയൻ നഗരമാകാൻ വാരണാസി ഒരുങ്ങുന്നു
ഷീബ വിജയൻ
വാരണാസി: ലോകത്തിലെ രണ്ടാമത്തെ ഔദ്യോഗിക വെജിറ്റേറിയൻ നഗരമാകാൻ ഒരുങ്ങി വാരണാസി. നഗരത്തിന്റെ ആത്മീയ അന്തരീക്ഷവും സാംസ്കാരിക പൈതൃകവും തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുനിസിപ്പൽ കോർപ്പറേഷൻ ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നഗരത്തിനുള്ളിൽ നിലവിൽ പ്രവർത്തിക്കുന്ന നാനൂറിലധികം മാംസ-മത്സ്യ വിൽപന ശാലകൾ നഗരത്തിന്റെ അതിർത്തി പ്രദേശങ്ങളായ രാംനഗർ, സുജാബാദ്, ഗണേഷ്പൂർ, അവാലേഷ്പൂർ, ശിവ്പൂർ എന്നിവിടങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, നവരാത്രി പോലുള്ള വിശേഷദിവസങ്ങളിൽ നഗരത്തിൽ മാംസവിൽപന പൂർണ്ണമായും നിരോധിച്ചുകഴിഞ്ഞു.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ 250 മീറ്റർ ചുറ്റളവിൽ മാംസം, മദ്യം എന്നിവ വിൽക്കുന്നതും കഴിക്കുന്നതും കർശനമായി നിരോധിച്ചു. ഈ പരിധിയിലുണ്ടായിരുന്ന മാംസക്കടകൾ പൂർണ്ണമായും ഇവിടെനിന്നു മാറ്റിസ്ഥാപിച്ചിട്ടുണ്ട്. തീർത്ഥാടകരെത്തുന്ന പ്രധാന സ്നാനഘട്ടങ്ങളുടെയും ക്ഷേത്രങ്ങളുടെയും പരിസരങ്ങൾ പൂർണ്ണമായും വെജിറ്റേറിയൻ മേഖലകളാക്കി മാറ്റി. നഗരത്തിലെ പ്രശസ്തമായ പല ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇപ്പോൾ ഉള്ളിയും വെളുത്തുള്ളിയും പോലും ഒഴിവാക്കിയുള്ള ശുദ്ധമായ ‘സാത്വിക് ഭക്ഷണം’ വിളമ്പുന്നതിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ചില പ്രമുഖ സ്ഥാപനങ്ങൾക്ക് ഇതിനായി ഔദ്യോഗിക ‘സാത്വിക് സർട്ടിഫിക്കറ്റും’ ലഭിച്ചുകഴിഞ്ഞു.
പുതിയ തീരുമാനം നഗരത്തിന്റെ ആത്മീയത നിലനിർത്താൻ സഹായിക്കുമെന്ന് ഒരുവിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുമ്പോൾ, തങ്ങളുടെ ഉപജീവനമാർഗ്ഗത്തെ ബാധിക്കുമെന്ന ആശങ്കയിൽ വ്യാപാരികളിൽനിന്ന് ശക്തമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക വെജിറ്റേറിയൻ നഗരമായി പ്രഖ്യാപിക്കപ്പെട്ടത് ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിലുള്ള പാലിതാന നഗരമാണ്. ഈ മാതൃകയിലാണ് വാരണാസിയും പുതിയ മാറ്റങ്ങളിലേക്ക് ചുവടുവയ്ക്കുന്നത്. ജൈനമതവിശ്വാസികളുടെ ഏറ്റവും പവിത്രമായ പുണ്യസ്ഥലങ്ങളിൽ ഒന്നായ ശത്രുഞ്ജയ കുന്നുകൾ സ്ഥിതിചെയ്യുന്നത് പാലിതാനയിലാണ്. ഇവിടെ എണ്ണൂറിലധികം ജൈനക്ഷേത്രങ്ങളുണ്ട്. അഹിംസ എന്ന ജൈനതത്വം കർശനമായി പാലിക്കണമെന്നും നഗരത്തിൽ മാംസവിൽപനയും മൃഗബലിയും പൂർണ്ണമായി നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഇവിടുത്തെ ജൈനസന്യാസിമാർ നടത്തിയ നിരാഹാര സമരത്തെത്തുടർന്നാണ് നഗരം വെജിറ്റേറിയനായി പ്രഖ്യാപിക്കപ്പെട്ടത്. 2014ൽ ഗുജറാത്ത് സർക്കാർ പാലിതാന നഗരപരിധിയിൽ മാംസം, മുട്ട എന്നിവ വിൽക്കുന്നതും വാങ്ങുന്നതും മൃഗങ്ങളെ അറുക്കുന്നതും നിയമപരമായി പൂർണ്ണമായി നിരോധിച്ചു. ഇതോടെയാണ് പാലിതാന ലോകത്തിലെ ആദ്യത്തെ നിയമപരമായ മാംസമുക്ത നഗരമെന്ന ഖ്യാതി നേടിയത്.
acsasasas

