രാജ്യസുരക്ഷ തകർക്കാൻ ശ്രമിച്ച 15 പേർ ബഹ്റൈനിൽ അറസ്റ്റിൽ; ഐ.ആർ.ജി.സി ബന്ധമുള്ള സംഘടനകളുമായി സഹകരിച്ചതായി കണ്ടെത്തൽ
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തിന്റെ സുരക്ഷയും സാമൂഹിക സ്ഥിരതയും തകർക്കാൻ ശ്രമിച്ച കേസിൽ 15 പേരെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐ.ആർ.ജി.സി) നേരിട്ടുള്ള പിന്തുണയോടെ പ്രവർത്തിക്കുന്ന രാജ്യവിരുദ്ധ ഏജന്റുമാരുമായി ബന്ധപ്പെട്ട് നേരത്തെ സുരക്ഷാ സേനയുടെ പിടിയിലായവരിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെയും സുരക്ഷാ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ നടപടിയുണ്ടായിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഈ അറസ്റ്റ് വിവരം പുറത്തുവിട്ടത്.
ജനങ്ങളുടെ സമാധാനപൂർണ്ണമായ ജീവിതം തകർക്കാനും രാജ്യത്ത് വിഭാഗീയതയും വൻ കലാപവുമുണ്ടാക്കാനും ശ്രമിക്കുന്ന ആർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികളുമായി മന്ത്രാലയം മുന്നോട്ട് പോകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷ പൂർണ്ണമായി ഉറപ്പാക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനയെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
നിയമവിരുദ്ധ സംഘടനകളുടെ അജണ്ടകൾ രാജ്യത്ത് നടപ്പിലാക്കുന്നതിനായി ഇവർ പ്രത്യേക സെല്ലുകൾ രൂപീകരിക്കാനും, വിവിധ സാമൂഹിക ഇടപെടലുകളിലൂടെ സാധാരണ ആളുകളെ സ്വാധീനിക്കാനുമാണ് ശ്രമിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രത്യേകിച്ച് രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ട്, അവരെ നിയമവിരുദ്ധവും കുറ്റകരവുമായ പ്രവർത്തനങ്ങളിലേക്ക് തള്ളിവിടാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് ഈ സംഘം നടത്തിയിരുന്നത്. ഈ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായ മറ്റുള്ളവരെക്കൂടി കണ്ടെത്തുന്നതിനായുള്ള വിപുലമായ അന്വേഷണങ്ങളും സുരക്ഷാ പരിശോധനകളും ശക്തമായി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
jhjg

