ഒഡീഷയിൽ സെൻസസ് ജോലിക്കിടെ രണ്ട് അധ്യാപകർ കുഴഞ്ഞുവീണു മരിച്ചു; സൂര്യാതപമെന്ന് സംശയം
ശാരിക l ദേശീയം
ഭുവനേശ്വർ: ഒഡീഷയിൽ കനത്ത ചൂടിനെത്തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ രണ്ട് അധ്യാപകർ സൂര്യാതപമേറ്റ് മരിച്ചു. രാജ്യവ്യാപകമായി നടക്കുന്ന സെൻസസ് ജോലികളുടെ ഭാഗമായി വീടുകൾ കയറി സർവ്വേ നടത്തുന്നതിനിടെയാണ് ഇരുവർക്കും അസ്വസ്ഥത അനുഭവപ്പെട്ടത്. മയൂർഭഞ്ച്, സുന്ദർഗഡ് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.
മയൂർഭഞ്ച് ജില്ലയിലെ ബൈദ്യനാഥ് ഹൈസ്കൂൾ അധ്യാപകനായ രാജ്കപൂർ ഹെംബ്രാം, സുന്ദർഗഡ് ജില്ലയിലെ ജരദ ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകനായ അനുരാഗ് എക്ക എന്നിവരാണ് മരിച്ചത്. സർവേ കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെ രാജ്കപൂർ അബോധാവസ്ഥയിലാവുകയും ആശുപത്രിയിൽ വെച്ച് മരണപ്പെടുകയുമായിരുന്നു. ശനിയാഴ്ച ഡ്യൂട്ടിക്കിടെയാണ് അനുരാഗ് രോഗബാധിതനായത്.
തനിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നിട്ടും ജോലി തുടരാൻ അധികൃതർ സമ്മർദം ചെലുത്തിയതായി രാജ്കപൂറിന്റെ കുടുംബം ആരോപിച്ചു. മരണസമയത്ത് ഈ പ്രദേശങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു താപനില. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സൂര്യാതപം തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ മെഡിക്കൽ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് അധികൃതർ.
ാേൂേുേ



