മനുഷ്യക്കടത്ത്: ഏഷ്യൻ സ്വദേശികളായ പുരുഷനും സ്ത്രീയും ബഹ്‌റൈനിൽ പിടിയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മനുഷ്യക്കടത്തിനെതിരെയുള്ള കർശന നടപടികളുടെ ഭാഗമായി, സ്ത്രീകളെ പ്രലോഭിപ്പിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ച ഏഷ്യൻ സ്വദേശികളായ രണ്ടുപേരെ ബഹ്‌റൈൻ പോലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ആന്റി-ഹ്യൂമൻ ട്രാഫിക്കിംഗ് ആൻഡ് പബ്ലിക് മോറാലിറ്റി പ്രൊട്ടക്ഷൻ യൂണിറ്റാണ് ഇവരെ പിടികൂടിയത്.
മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർ സ്ത്രീകളെ ചൂഷണം ചെയ്യുകയും വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നതായി അധികൃതർ വ്യക്തമാക്കി.
പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയതായും കേസ് കൂടുതൽ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മനുഷ്യക്കടത്ത് തടയുന്നതിലും ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ രാജ്യാന്തര തലത്തിൽ ബഹ്‌റൈനുള്ള മികച്ച പ്രതിച്ഛായ നിലനിർത്തുന്നതിലും വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
sdfsdf



