കാണാതായ മൊബൈൽ ഫോണിനെച്ചൊല്ലി തർക്കം; വീട്ടുജോലിക്കാരിയുടെ കാത് അറുത്തുമാറ്റിയ സ്വദേശി വിചാരണയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: കാണാതായ മൊബൈൽ ഫോണിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടുജോലിക്കാരിയെ ക്രൂരമായി മർദ്ദിച്ച് സ്ഥിരമായ വൈകല്യമുണ്ടാക്കിയ കേസിൽ മുപ്പതുകാരനായ സ്വദേശി പൗരൻ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. ആക്രമണത്തിൽ യുവതിയുടെ കാതിന് ഗുരുതരമായി പരിക്കേൽക്കുകയും ഏഴ് ശതമാനം സ്ഥിരമായ വൈകല്യം സംഭവിക്കുകയും ചെയ്തതായാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ.
2026 മാർച്ച് 4-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൊബൈൽ ഫോണിനെക്കുറിച്ച് ചോദിച്ചതിന് പിന്നാലെ പ്രതി തന്നെ നിലത്തുതള്ളിയിട്ട് ക്രൂരമായി മർദ്ദിച്ചുവെന്ന് ജോലിക്കാരി കോടതിയിൽ മൊഴി നൽകി. ബോധം തെളിഞ്ഞപ്പോൾ നിലത്ത് ഒരു കത്തിയും തന്റെ കാതിന്റെ ഭാഗവും മുറിഞ്ഞുവീണ നിലയിൽ കണ്ടതായും എന്നാൽ അത് എങ്ങനെയാണ് സംഭവിച്ചതെന്ന് തനിക്ക് ഓർമ്മയില്ലെന്നും യുവതി പറഞ്ഞു. മെഡിക്കൽ പരിശോധനയിൽ യുവതിക്ക് ഗുരുതരമായ പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പ്രതി നിഷേധിച്ചു. ജോലിക്കാരി തന്നെ അക്രമിച്ചെന്നും തന്റെ ഫോൺ തട്ടിയെടുത്തപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രതിയുടെ വാദം. പ്രതിയുടെ അഭിഭാഷകൻ അബ്ദുള്ള സയ്യാർ കേസ് ഫയലുകൾ പഠിക്കാൻ സമയം ആവശ്യപ്പെടുകയും പ്രതിക്ക് ജാമ്യം അനുവദിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ, കോടതി പ്രതിയെ ജാമ്യത്തിൽ വിടാൻ വിസമ്മതിച്ചു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മെയ് 4-ലേക്ക് മാറ്റിയ കോടതി, പ്രതിയെ റിമാൻഡ് ചെയ്തു.
sfdsf



