ഇറാന്റെ ആക്രമണം: തകർന്ന വീടുകളുടെ പുനരുദ്ധാരണം വേഗത്തിലാക്കി ബഹ്‌റൈൻ; ആദ്യഘട്ടത്തിൽ 71 വീടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇറാന്റെ ആക്രമണത്തിൽ തകർന്ന പൗരന്മാരുടെ വീടുകൾ അതിവേഗം പുനർനിർമിച്ച് നൽകി ബഹ്‌റൈൻ സർക്കാർ. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ നടത്തി താമസയോഗ്യമാക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രാജകീയ നിർദ്ദേശപ്രകാരവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിലുമാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. ദേശീയ പ്രതികരണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഹിദ്ദ് ഹൗസിംഗ് സിറ്റി, സിത്ര തുടങ്ങി വിവിധ ഭാഗങ്ങളിലെ 71 വീടുകളുടെ നിർമ്മാണം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രാലയവും ഭവന-നഗരാസൂത്രണ മന്ത്രാലയവും അറിയിച്ചു.
ഹിദ്ദ് ഹൗസിംഗ് സിറ്റിയിലെ 30 യൂണിറ്റുകൾ, സിത്രയിലെ 19 വീടുകൾ, മറ്റ് സ്ഥലങ്ങളിലായുള്ള 22 വീടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസ്സൻ അൽ ഹവാജും ഭവന-നഗരാസൂത്രണ മന്ത്രി ആമിന ബിന്ത് അഹമ്മദ് അൽ റൊമൈഹിയും സിത്രയിലും ഹിദ്ദിലും നേരിട്ടെത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിലയിരുത്തി.
നാശനഷ്ടങ്ങളുടെ തീവ്രത അനുസരിച്ച് വിവിധ ഘട്ടങ്ങളിലായാണ് അറ്റകുറ്റപ്പണികൾ നടപ്പിലാക്കുന്നതെന്ന് മന്ത്രി അൽ ഹവാജ് വ്യക്തമാക്കി. എൻജിനീയറിംഗ് മാനദണ്ഡങ്ങൾ പാലിച്ച് കെട്ടിടങ്ങളുടെ ഘടന, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പൂർണ്ണമായി പൂർത്തിയാക്കിയെന്നും കുടുംബങ്ങൾക്ക് സുരക്ഷിതമായി ഈ വീടുകളിലേക്ക് മടങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
fsdfs



