വാക്കുപാലിച്ച് മുസ്ലിം ലീഗ്: വയനാട് ദുരന്തബാധിതർക്കായി നിർമ്മിച്ച വീടുകൾ കൈമാറി


ഷീബ വിജയൻ I കേരളം

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് താങ്ങായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. തൃക്കൈപ്പറ്റ വെള്ളിത്തോട് നിർമ്മിച്ച സ്നേഹഭവനങ്ങളുടെ താക്കോൽദാനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ദുരന്തബാധിതരായ 51 കുടുംബങ്ങൾക്കാണ് ഒന്നാം ഘട്ടത്തിൽ വീടുകൾ നൽകിയത്. ഓരോ വീടും 1,060 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് കിടപ്പുമുറികൾ, ഹാൾ, അടുക്കള തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. വീടുകൾ പൂർണ്ണമായും ഫർണിഷ് ചെയ്താണ് കൈമാറിയിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.

ജാതിമത ഭേദമന്യേ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത ഈ പദ്ധതി മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയായി മാറി. ഒന്നാം ഘട്ടത്തിൽ വീട് ലഭിച്ച 51 പേരിൽ 14 പേർ ഇതര മതവിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ആകെ 105 വീടുകളാണ് ഈ സമുച്ചയത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. ബാക്കിയുള്ള വീടുകളുടെ നിർമ്മാണം മേയ് അവസാനത്തോടെ പൂർത്തിയാക്കി കൈമാറുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി വയനാട് എം.പി പ്രിയങ്ക ഗാന്ധി പങ്കെടുത്തു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ദുരന്തസമയത്ത് നൽകിയ വാഗ്ദാനം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed