യൂറോപ്പിൽ ഇലക്ട്രിക് വാഹന വിൽപ്പനയിൽ റെക്കോർഡ് കുതിപ്പ്
പ്രദീപ് പുറവങ്കര I അന്തർദേശീയം
ലണ്ടൻ: യൂറോപ്പിലെ പ്രധാന വാഹന വിപണികളിൽ ഇലക്ട്രിക് വാഹന (EV) വിൽപ്പനയിൽ വൻ വർധനവ്. 2026-ന്റെ ആദ്യ പാദത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിലൊന്നായി വർധിച്ചതായി ഇ-മൊബിലിറ്റി യൂറോപ്പ് അസോസിയേഷനും ന്യൂ ഓട്ടോമോട്ടീവ് റിസർച്ച് ഫിം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ കടുത്ത പെട്രോൾ വില വർധനയാണ് വാഹന ഉടമകളെ ഇലക്ട്രിക് കരുത്തിലേക്ക് മാറാൻ പ്രേരിപ്പിച്ചത്.
ആദ്യ മൂന്ന് മാസങ്ങളിൽ ഏകദേശം 5.6 ലക്ഷം പുതിയ ഇലക്ട്രിക് വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 29.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മാർച്ച് മാസത്തിൽ മാത്രം വിൽപ്പനയിൽ 51.3 ശതമാനത്തിന്റെ കുതിച്ചുചാട്ടമുണ്ടായി. ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, പോളണ്ട് എന്നീ വൻകിട വിപണികളിൽ 40 ശതമാനത്തിലധികം വളർച്ചയാണ് ഇത്തവണ കണ്ടത്.
ഊർജ്ജ സുരക്ഷയുടെ കാര്യത്തിൽ യൂറോപ്പ് കൈവരിച്ച വലിയ നേട്ടമാണിതെന്ന് ഇ-മൊബിലിറ്റി യൂറോപ്പ് സെക്രട്ടറി ജനറൽ ക്രിസ് ഹെറോൺ പറഞ്ഞു. ആദ്യ പാദത്തിൽ വിറ്റഴിച്ച വാഹനങ്ങൾ വഴി പ്രതിവർഷം രണ്ട് ദശലക്ഷം ബാരൽ എണ്ണയുടെ ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യൂറോപ്യൻ യൂണിയൻ നയങ്ങളും ഈ വളർച്ചയ്ക്ക് കരുത്തേകുന്നു.
ssgg



