യു.കെ. സലിം വധക്കേസ്: എസ്ഡിപിഐ പ്രവർത്തകരായ ആറ് പ്രതികളെയും കോടതി വെറുതെ വിട്ടു


ഷീബ വിജയൻ I കേരളം

തലശ്ശേരി: ഉസ്സൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യു.കെ. സലിമിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ ആറ് എസ്ഡിപിഐ പ്രവർത്തകരെയും കോടതി വെറുതെ വിട്ടു. കെ.വി. ലത്തീഫ്, ഇ.പി. അബ്ദുള്ള, സക്കീർ ഹുസ്സൈൻ, പി. നാസർ, ഷാബിൽ, മുഹമ്മദ് ഹിഷാം എന്നിവരെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത്.

2008 ജൂലൈ 23-ന് രാത്രിയാണ് സലിം കുത്തേറ്റ് മരിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ പോസ്റ്ററിന് മുകളിൽ എൻഡിഎഫിന്റെ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, കേസിന്റെ വിചാരണ വേളയിൽ നാടകീയമായ വെളിപ്പെടുത്തലുകളാണ് ഉണ്ടായത്.

കൊലപാതകത്തിന് പിന്നിൽ സിപിഎം തന്നെയാണെന്ന് ആരോപിച്ച് സലിമിന്റെ പിതാവ് രംഗത്തെത്തിയത് അന്ന് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 2006-ലെ ഫസൽ വധക്കേസുമായി തന്റെ മകന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്ന് പിതാവ് കോടതിയിൽ മൊഴി നൽകി. ഫസൽ വധക്കേസിലെ വിവരങ്ങൾ സലിമിന് അറിയാമായിരുന്നുവെന്നും അത് പുറത്തുപറയുമെന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ആരോപിച്ചു. സലിമിന്റെ സുഹൃത്തായിരുന്ന റഹീസിന്റെ മരണവും ഇതേ രീതിയിൽ സംശയാസ്പദമാണെന്ന് പിതാവ് ചൂണ്ടിക്കാട്ടിയിരുന്നു.

അന്ന് ഈ ആരോപണങ്ങളെ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ തള്ളിക്കളഞ്ഞിരുന്നു. കൊലപാതകം നടന്ന സമയത്ത് നൽകിയ മൊഴിയിൽ ഇത്തരം കാര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നായിരുന്നു പാർട്ടി നിലപാട്. വർഷങ്ങൾ നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നിരിക്കുന്നത്.

article-image

asdadsads

You might also like

  • NEC

Most Viewed