കഥകളിലൂടെ രോഗത്തെ തോൽപ്പിച്ച ‘അൽ ഹകാവതി’ ഇനി ഓർമ്മ; കണ്ണീരോടെ വിടചൊല്ലി ബഹ്റൈൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: എട്ട് വർഷത്തോളം അർബുദത്തോട് പൊരുതി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരനായ 'അൽ ഹകാവതി' (കഥാകാരൻ) മുഹമ്മദ് സാലിഹ് (33) അന്തരിച്ചു. രോഗത്തിന്റെ വേദനയെ സർഗ്ഗാത്മകത കൊണ്ട് കീഴടക്കിയ അദ്ദേഹം, ആയിരക്കണക്കിന് കുട്ടികളുടെ മനസ്സിൽ സ്വപ്നങ്ങളുടെ വിത്തുപാകിയാണ് മടങ്ങിയത്. ആലിയിലെ ഖബർസ്ഥാനിലായിരുന്നു സംസ്കാരം.
2018-ൽ മസ്തിഷ്ക അർബുദം സ്ഥിരീകരിക്കുമ്പോൾ മുഹമ്മദ് സാലിഹ് ഒരു കായികതാരമായിരുന്നു. രോഗത്തിന്റെ പാർശ്വഫലമായി സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ടേക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയപ്പോഴാണ് അദ്ദേഹം ഒരു ചരിത്രപരമായ തീരുമാനമെടുത്തത് - ബാക്കിയുള്ള കാലം കഥകൾ പറയാൻ അദ്ദേഹം മാറ്റിവെച്ചു. അങ്ങനെയാണ് ബഹ്റൈന്റെ സാംസ്കാരിക വേദികളിൽ 'ഹകാവതി' എന്ന കഥാകാരൻ ജനിച്ചത്.
അമ്മ തുന്നിക്കൊടുത്ത പരമ്പരാഗത വസ്ത്രമണിഞ്ഞ്, പുരാതന കഥകളിലെ കഥാപാത്രമായി അദ്ദേഹം കുട്ടികൾക്ക് മുന്നിലെത്തി. കഥ പറച്ചിൽ തന്റെ മരുന്നാണെന്നും അത് തന്നെ സുഖപ്പെടുത്തുന്നുവെന്നും അദ്ദേഹം വിശ്വസിച്ചു. നാല് വയസ്സുകാരിയായ മകൾ ജൂദും പിതാവിന്റെ കഥാസദസ്സുകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. തന്റെ കഥകൾ കുട്ടികളിലേക്ക് എത്രത്തോളം എത്തുന്നുണ്ടെന്ന് മകളുടെ പ്രതികരണങ്ങളിലൂടെയാണ് അദ്ദേഹം മനസ്സിലാക്കിയിരുന്നത്.
മുഹമ്മദ് സാലിഹിന്റെ വിയോഗത്തിൽ ബഹ്റൈൻ സൊസൈറ്റി ഫോർ സിക്കിൾ സെൽ ഡിസീസ് പേഷ്യന്റ് കെയർ ചെയർമാൻ സക്കറിയ അൽ കാദിം ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
ാിോോോോ
ോെോംെോേ
