വിദേശ പങ്കാളിത്തമുള്ള കമ്പനികൾക്ക് 30,000 ദിനാർ ബാങ്ക് ഗ്യാരണ്ടി: പാർലിമെന്റ് നിർദ്ദേശം ശൂറ കൗൺസിൽ തള്ളി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിൽ വിദേശ പങ്കാളിത്തമുള്ള കമ്പനികൾക്ക് 30,000 ബഹ്‌റൈൻ ദിനാർ (ഏകദേശം 66 ലക്ഷം രൂപ) ബാങ്ക് ഗ്യാരണ്ടി നിർബന്ധമാക്കാനുള്ള ഭേദഗതി നിർദ്ദേശം ശൂറ കൗൺസിൽ ഐക്യകണ്ഠേന തള്ളി. വാണിജ്യ കമ്പന നിയമത്തിലെ 264-ാം വകുപ്പ് ഭേദഗതി ചെയ്ത് വിദേശ നിക്ഷേപകരുള്ള എല്ലാ കമ്പനികളും മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സിന്റെ പേരിൽ ആജീവനാന്ത ബാങ്ക് ഗ്യാരണ്ടി നൽകണമെന്നായിരുന്നു ശുപാർശ. എന്നാൽ ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് വിലയിരുത്തിയാണ് സഭ ഈ നീക്കം തടഞ്ഞത്.
ഈ നിയമം നടപ്പിലാക്കിയാൽ ഗുണത്തേക്കാളേറെ ദോഷമുണ്ടാകുമെന്ന് വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ഫക്രു മുന്നറിയിപ്പ് നൽകി. ബഹ്‌റൈനിൽ നിലവിൽ വിദേശ പങ്കാളിത്തമുള്ള 35,000 കമ്പനികളുണ്ടെന്നും അവരോടെല്ലാം 30,000 ദിനാർ വീതം ആവശ്യപ്പെട്ടാൽ വിപണിയിൽ നിന്ന് ഒരു ബില്യൺ ദിനാറിലധികം (ഏകദേശം 22,000 കോടി രൂപ) മരവിപ്പിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തുക സർക്കാരിനോ ബിസിനസുകാർക്കോ ഉപയോഗിക്കാൻ കഴിയില്ല. ഇത് ബഹ്‌റൈന്റെ മത്സരക്ഷമതയെ ബാധിക്കുകയും കമ്പനികൾ അയൽരാജ്യങ്ങളിലേക്ക് മാറാൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറുകിട-ഇടത്തരം സംരംഭങ്ങളെ (SMEs) ഈ നിയമം ദോഷകരമായി ബാധിക്കുമെന്ന് ശൂറ കൗൺസിലിലെ സാമ്പത്തിക കാര്യ സമിതി അധ്യക്ഷൻ ഖാലിദ് അൽ മസ്ഖതി പറഞ്ഞു. വിദേശ നിക്ഷേപം ആകർഷിക്കാനുള്ള ബഹ്‌റൈന്റെ നയങ്ങൾക്ക് വിരുദ്ധമാണ് ഈ നിർദ്ദേശം. കമ്പനിയുടെ വലിപ്പമോ ലാഭമോ നോക്കാതെ എല്ലാവർക്കും ഒരേപോലെ 30,000 ദിനാർ ഗ്യാരണ്ടി ഏർപ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് സമിതി വൈസ് ചെയർമാൻ റിദ ഫറജും വ്യക്തമാക്കി.
നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾക്ക് മുൻപുണ്ടായിരുന്ന 20,000 ദിനാർ മിനിമം മൂലധന നിബന്ധന ബഹ്‌റൈൻ നേരത്തെ ഒഴിവാക്കിയിരുന്നു. ഈ പുതിയ നിർദ്ദേശം അംഗീകരിക്കുന്നത് വർഷങ്ങളായുള്ള പുരോഗതിയെ പിന്നോട്ടടിക്കലാകുമെന്ന് ശൂറ കൗൺസിൽ ഫസ്റ്റ് വൈസ് ചെയർമാൻ ജമാൽ ഫക്രു അഭിപ്രായപ്പെട്ടു. വിശദമായ ചർച്ചകൾക്ക് ശേഷം നിയമഭേദഗതി പൂർണ്ണമായും തള്ളിയ സഭ, കൂടുതൽ പഠനത്തിനായി ഇത് പാർലമെന്റിലേക്ക് തിരിച്ചയച്ചു.
wqeqwqwqw
