ഇറാന്റെ ആക്രമണങ്ങൾ ; 600-ലധികം മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടു ബഹ്‌റൈൻ പ്രതിരോധ സേന


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങളെ പ്രതിരോധ സേനയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിക്കുന്നതായി ജനറൽ കമാൻഡ് അറിയിച്ചു. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 188 മിസൈലുകളും 429 ഡ്രോണുകളും ആകാശത്തുവെച്ച് തന്നെ തകർക്കാൻ സൈന്യത്തിന് സാധിച്ചു. സൈനികരുടെ ജാഗ്രതയും അത്യാധുനിക പ്രതിരോധ സംവിധാനവുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പത്ത് ഡ്രോണുകളും, രണ്ട് മിസൈലുകളുമാണ് ബഹ്റൈനെ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ടത്. ബഹ്‌റൈൻ സൈന്യത്തിന്റെ ഉയർന്ന പോരാട്ടവീര്യത്തിലും സന്നദ്ധതയിലും അഭിമാനിക്കുന്നതായി ജനറൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്ന ഉറച്ച വിശ്വാസം നൽകുന്നതാണ് സൈനികരുടെ ഈ മികച്ച പ്രകടനം. സിവിലിയൻ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്നും, ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിന് വലിയ ഭീഷണിയാണെന്നും സൈന്യം വ്യക്തമാക്കി.

സുരക്ഷ ഉറപ്പാക്കുന്നതിനായി ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധ സേന നിർദ്ദേശിച്ചു. ആക്രമണത്തിൽ തകർന്ന സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ അകന്നുനിൽക്കണം. സൈനിക നീക്കങ്ങളുടെയോ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തരുത്. സോഷ്യൽ മീഡിയയിലൂടെ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളും സർക്കാർ മാധ്യമങ്ങളിലെ അറിയിപ്പുകളും മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

 

article-image

deqwdsewewds

You might also like

  • NEC

Most Viewed