24 മണിക്കൂറിൽ 19 ഡ്രോണും, 4 മിസൈലും ; ഇറാൻ ആക്രമണങ്ങളെ പ്രതിരോധിച്ച് ബഹ്‌റൈൻ സൈന്യം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന് നേരെയുള്ള ഇറാന്റെ തുടർച്ചയായ ഭീകരാക്രമണങ്ങളെ സൈന്യം വിജയകരമായി പ്രതിരോധിക്കുന്നു. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 186 മിസൈലുകളും 419 ഡ്രോണുകളും തകർക്കാൻ കഴിഞ്ഞതായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് (BDF) ജനറൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം നാല് മിസൈലുകളും, 19 ഡ്രോണുകളുമാണ് ബഹ്റൈനിലേയ്ക്ക് ഇറാൻ അയച്ചത്. സൈന്യത്തിന്റെ ഉയർന്ന യുദ്ധസന്നദ്ധതയും ജാഗ്രതയും രാജ്യത്തിന്റെ ആകാശത്തെ സുരക്ഷിതമായി നിലനിർത്തുന്നുവെന്ന് സൈന്യം വ്യക്തമാക്കി.
സാധാരണക്കാരെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് ബി.ഡി.എഫ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇത് പ്രാദേശിക സമാധാനത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈന്യം നിർദ്ദേശിച്ചു. ആക്രമണം നടന്ന സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ പൂർണ്ണമായും അകന്നു നിൽക്കണം. സൈനിക നീക്കങ്ങളുടെയോ തകർന്നു വീണ അവശിഷ്ടങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തരുതെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കാതെ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു. സർക്കാർ മാധ്യമങ്ങളിലൂടെ നൽകുന്ന മുന്നറിയിപ്പുകൾ കർശനമായി പാലിക്കാനും നിർദ്ദേശമുണ്ട്.
ോേ്്േോേോ്
