സപ്ലൈകോ ഈസ്റ്റർ-വിഷു ചന്തകൾക്ക് നാളെ തുടക്കം; 1001 രൂപയ്ക്ക് സവിശേഷ കിറ്റുകൾ
ഷീബ വിജയൻ
ഈസ്റ്റർ, വിഷു ആഘോഷങ്ങൾ പ്രമാണിച്ച് സപ്ലൈകോയുടെ പ്രത്യേക വിപണന മേളകൾ നാളെ മുതൽ ആരംഭിക്കും. ഏപ്രിൽ 14 വരെ നീണ്ടുനിൽക്കുന്ന ഈ ചന്തകൾ സപ്ലൈകോയുടെ സൂപ്പർ സ്റ്റോറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാർ എന്നിവിടങ്ങളിലാണ് പ്രവർത്തിക്കുക. 1250 രൂപ വിലവരുന്ന 16 ഇനം സാധനങ്ങൾ അടങ്ങിയ 'വിഷുക്കണി കിറ്റ്' വെറും 1001 രൂപയ്ക്ക് സപ്ലൈകോ ലഭ്യമാക്കും. പഞ്ചസാര, വെളിച്ചെണ്ണ, പായസക്കൂട്ട്, മസാലകൾ തുടങ്ങി വിഷുവിനാവശ്യമായ പ്രധാന സാധനങ്ങളെല്ലാം ഈ കിറ്റിലുണ്ടാകും.
കൂടാതെ സബ്‌സിഡിയിതര സാധനങ്ങൾ 1000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് 101 രൂപയുടെ 'വിഷുക്കൈനീട്ടം' കൂപ്പണും നൽകും. ഈ കൂപ്പൺ ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ഉപയോഗിക്കാം. എല്ലാ ഔട്ട്‌ലെറ്റുകളിലും 13 ഇനം സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ സപ്ലൈകോ ചന്തകൾക്ക് അവധിയായിരിക്കും.
asddasasas
