സർക്കാർ ഓഫിസുകളിൽ 50% ഹാജർ നിർബന്ധം; പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബഹ്റൈൻ സിവിൽ സർവീസ് ബ്യൂറോ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലെ റിമോട്ട് വർക്ക് നയത്തിൽ മാറ്റം വരുത്തിക്കൊണ്ട് സിവിൽ സർവീസ് ബ്യൂറോ പുതിയ ഉത്തരവിറക്കി. ഞായറാഴ്ച (ഏപ്രിൽ 5, 2026) മുതൽ എല്ലാ സർക്കാർ ഏജൻസികളിലും ജീവനക്കാരുടെ ഹാജർ നില 50 ശതമാനമായി ഉയർത്താനാണ് തീരുമാനം. പൊതുതാൽപ്പര്യം മുൻനിർത്തി നേരിട്ടുള്ള സാന്നിധ്യം അനിവാര്യമായ മേഖലകൾക്ക് ഈ പരിധി ബാധകമല്ല.
ഓരോ വകുപ്പിന്റെയും ജോലിയുടെ സ്വഭാവമനുസരിച്ച് ആവശ്യമായ ജീവനക്കാരുടെ എണ്ണം നിശ്ചയിക്കാൻ സിവിൽ സർവീസ് ബ്യൂറോയുമായി ഏകോപനം നടത്തണമെന്ന് നിർദ്ദേശമുണ്ട്. കാര്യക്ഷമമായ പ്രവർത്തനവും തൊഴിൽ തുടർച്ചയും ഉറപ്പാക്കാൻ അതത് വകുപ്പുകൾക്കായിരിക്കും ചുമതല.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി പ്രത്യേക സുരക്ഷാ മാർഗനിർദ്ദേശങ്ങളും ബ്യൂറോ പുറപ്പെടുവിച്ചു. സിവിൽ ഡിഫൻസുമായി സഹകരിച്ച് ഓഫിസുകളിൽ അലാറം സംവിധാനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, ഇവാക്വേഷൻ പ്ലാനുകൾഎന്നിവ കൃത്യമായി പാലിക്കണം. ഓരോ സർക്കാർ സ്ഥാപനത്തിലും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക ടീമിനെ നിയോഗിക്കണം. ജീവനക്കാർക്ക് ആവശ്യമായ പരിശീലനങ്ങളും ബോധവൽക്കരണ പരിപാടികളും നൽകണമെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച പ്രതിവാര റിപ്പോർട്ടുകൾ സിവിൽ സർവീസ് ബ്യൂറോയ്ക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
cdscdscssdc
